തൃശൂർ: സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 20 കോടി രൂപയുമായി മുങ്ങിയ അസിസ്‌റ്റന്റ് മാനേജർ കൊല്ലം നെല്ലിമുക്ക് സ്വദേശി ധന്യാ മോഹനെ ഇന്ന് തൃശൂരിലെ കോടതിയിൽ ഹാജരാക്കും. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ ധന്യ ഇന്നലെ കൊല്ലം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയിരുന്നു. ധന്യയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
തൃശൂർ വലപ്പാട് മണപ്പുറം കോംപ്റ്റിക് ആൻഡ് കൺസൽറ്റന്റ്സ് ലിമിറ്റഡിന്റെ അക്കൗണ്ടിൽ നിന്ന് 19.94 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അസി. മാനേജർ-ടെക്-ലീഡ് ആയിരുന്ന ധന്യയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കൊല്ലം നെല്ലിമുക്ക് സ്വദേശിനിയാണ് ധന്യ മോഹൻ. എട്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ധന്യയുടെ നാല് വർഷത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലീസ് പരിശോധിച്ചു. വിദേശത്തുള്ള ഭർത്താവിന്റെ എൻആർഐ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ധന്യ മോഹന്റെ പേരിൽ മാത്രം അഞ്ചു അക്കൗണ്ടുകളുണ്ട്. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാൻ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കളുടെ പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും.
ആഡംബര കാറടക്കം മൂന്ന് വാഹനങ്ങൾ ധന്യ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. വലപ്പാട്ട് സ്‌ഥലം വാങ്ങി വീട് നിർമിച്ചു. കാർ പാർക്കിങ്ങിന് വേണ്ടി മാത്രം പ്രത്യേകം ഭൂമി വാങ്ങി. ഓൺലൈൻ റമ്മിയുമായി ബന്ധപ്പെട്ട് രണ്ടുകോടി രൂപയുടെ ദുരൂഹ പണമിടപാട് നടന്നതിന്റെ തെളിവുകളും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. കമ്പനിയിൽ 20 വർഷത്തോളമായി ജോലി ചെയുന്ന ജീവനക്കാരിയാണ് ധന്യ.
കമ്പനിയുടെ ഡിജിറ്റൽ പഴ്‌സണൽ ലോൺ അക്കൗണ്ടിൽ നിന്ന് 80 ലക്ഷം രൂപ ധന്യ തന്റെ വ്യക്‌തിഗത അക്കൗണ്ടിലേക്ക് മാറ്റിയത് സ്‌ഥാപനം കണ്ടെത്തിയതോടെയാണ് വൻതട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ 5 വർഷത്തിനിടെ ധന്യ തന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളിലേക്ക് 8000 ഇടപാടുകളിലൂടെ 20 കോടിയോളം രൂപ കൈമാറ്റം ചെയ്‌തതായി പരിശോധനയിൽ സൂചന ലഭിച്ചു. ഇതോടെ കമ്പനി വലപ്പാട്ട് പോലീസിൽ രേഖാമൂലം പരാതി നൽകുകയായിരുന്നു.
Most Read| ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കും? സർക്കാരിനോട് ഹൈക്കോടതി