തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ സമയം വൈകിട്ട് വരെ നീട്ടണമെന്ന ആവശ്യവുമായി വിദ്യാഭ്യാസ വകുപ്പ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് വിട്ടിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ ആവശ്യം മുഖ്യമന്ത്രിക്ക് മുന്നിൽ വെക്കാൻ തീരുമാനിച്ചത്. സംസ്‌ഥാനത്ത് നിലവിൽ പല ബാച്ചുകളിലായി ബയോബബിൾ സംവിധാനത്തിലാണ് ക്‌ളാസുകൾ നടത്തുന്നത്.
കഴിഞ്ഞ നവംബർ ഒന്നാം തീയതി മുതലാണ് കോവിഡിന് ശേഷം സംസ്‌ഥാനത്തെ സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിച്ചത്. ഉച്ച വരെയുള്ള ക്‌ളാസുകളിലൂടെ സിലബസ് മുഴുവൻ പഠിപ്പിച്ചു തീർക്കാൻ സാധിക്കില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലെല്ലാം ക്ളാസുകളും ബാച്ചുകളും തുടരാനാണ് സാധ്യത.
കൂടാതെ പരീക്ഷയ്‌ക്കായി വിദ്യാർഥികൾ പഠിക്കേണ്ട ഫോക്കസ് ഏരിയ നിശ്‌ചയിക്കാനും തീരുമാനമായിട്ടുണ്ട്. പ്ളസ് വൺ സീറ്റ് ക്ഷാമമുള്ള ജില്ലകളിൽ താൽക്കാലിക ബാച്ച് അനുവദിക്കുന്ന കാര്യവും ഇന്നത്തെ യോഗത്തിൽ ചർച്ചയായി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് അധിക ബാച്ച് അനുവദിക്കേണ്ടത്.
Read also: പുതിയാപ്പയിലെ ദുരൂഹ മരണങ്ങൾ; അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ