ന്യൂഡെല്‍ഹി: സര്‍ക്കാരിന് വിവരം വെക്കാന്‍ ഒരു വര്‍ഷവും മൂന്നു മാസവും വേണ്ടിവന്നെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കാർഷിക ബില്ലുകള്‍ രാജ്യമൊട്ടുക്കും വലിയ പ്രതിഷേധത്തിന് വഴിവെച്ചപ്പോഴാണ് സര്‍ക്കാര്‍ അതു പിന്‍വലിക്കാന്‍ തയാറായതെന്ന് ഖാര്‍ഗെ കൂട്ടിച്ചേർത്തു.
മൂന്ന് ബില്ലുകളും അവതരിപ്പിച്ചപ്പോള്‍ തന്നെ ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളും കര്‍ഷകസംഘടനകളും സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകളും അതിനെ എതിര്‍ത്തു. രാജ്യമൊട്ടുക്കും ഈ നിയമത്തിനെതിരായ അന്തരീക്ഷം രൂപപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ ഈ ഫലമാണെങ്കില്‍ അഞ്ചു നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പു ഫലം എന്താകുമെന്ന് സര്‍ക്കാര്‍ ചിന്തിച്ചതാണ് നിയമം പിന്‍വലിക്കുന്നതിലേക്ക് നയിച്ചത് -ഖാര്‍ഗെ പറഞ്ഞു.
ഇന്ന് രാവിലെ കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ ലോക്‌സഭയും ചർച്ചയില്ലാതെ പാസാക്കിയിരുന്നു. മൂന്ന് പേജുള്ള ബിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ് അവതരിപ്പിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് ബിൽ രാജ്യസഭ പാസാക്കിയത്.
2020 സെപ്റ്റംബറിലാണ് രാജ്യത്തെ കർഷകരെ ഞെട്ടിച്ച് മൂന്ന് വിവാദ കർഷകനിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്. ഇതിനെതിരെ രാജ്യത്ത് കർഷകസമരം ഇരമ്പി. ഡെൽഹി അതിർത്തികൾ വളഞ്ഞ് കർഷകർ സമരമിരുന്നപ്പോൾ അവരെ അനുനയിപ്പിക്കാൻ പല തവണ കേന്ദ്രം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നീട് സമരത്തെ താഴ്‌ത്തിക്കെട്ടാൻ പല ശ്രമങ്ങളും ഉണ്ടായി. എന്നാൽ അപ്പോഴും ഉറച്ച നിലപാടുമായി കർഷകർ പൊരുതി. വിവാദ നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു വിട്ടുവീഴ്‌ചക്കും തയ്യാറല്ലെന്ന് കർഷകർ ദൃഢനിശ്‌ചയം എടുത്തപ്പോൾ തീരുമാനത്തിൽ നിന്ന് പിന്തിരിയുക അല്ലാതെ മറ്റൊരു വഴിയും കേന്ദ്രത്തിന് മുന്നിൽ ഇല്ലാതായി. യുപിയിൽ അടക്കം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കർഷക രോഷം പ്രതിഫലിക്കുമെന്ന തിരിച്ചറിവും കേന്ദ്രത്തിന്റെ നിലപാട് മാറ്റത്തിന്റെ കാരണമാണ്.
Read also: രാജ്യസഭയിലെ സസ്‌പെൻഷൻ; മാപ്പ് പറയാൻ തയ്യാറല്ലെന്ന് ബിനോയ് വിശ്വം