യു.പി.എസ്.സി ജിഹാദ്; പ്രതിരോധം അനിവാര്യം

By Esahaque Eswaramangalam, Chief Editor
  • Follow author on
Esahaque Eswaramangalam's Editorial
Ajwa Travels

മതേതര ഇന്ത്യയുടെ ഹൃദയത്തിന് മുകളിലൂടെ 2020 ഓഗസ്റ്റ് 28-ന് , സംഘ്പരിവാര്‍ ചാനലായ സുദര്‍ശന്‍ ടി.വി ആരംഭിച്ച പുതിയ ‘വിഷവാതക’ പ്രയോഗമാണ് യു.പി.എസ്.സി ജിഹാദ്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തുടങ്ങിയ ഈ ഹാഷ്ടാഗ് പ്രചരണ പരിപാടി മണിക്കൂറുകള്‍ കൊണ്ട് ഇന്ത്യയുടെ സകല പ്രദേശങ്ങളിലും എത്തിച്ചേര്‍ന്നു. വൈകിട്ട് 8 മണി മുതല്‍ ചാനലിലൂടെ ഈ വിഷം രാജ്യത്തിന്റെ അടിത്തറയിലേക്ക് വമിപ്പിക്കാനുള്ള പദ്ധതിയായിരുന്നു ആസൂത്രണം ചെയ്തത്. പക്ഷെ, വിവാദ പരിപാടിയുടെ പ്രക്ഷേപണം, ജാമിഅ മില്ലിയ വിദ്യാര്‍ഥികളുടെ ഹരജിയുടെ അടിസ്ഥാനത്തില്‍; ‘ഭാഗ്യവശാല്‍’ ഡെല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു.

ജാമിഅ മില്ലിയ വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍ ഇത് എത്തിയില്ല എന്നും ഈ വിദ്യാര്‍ത്ഥികളുടെ ഹരജി കോടതിയില്‍ വന്നില്ലായിരുന്നു എന്നും കരുതുക; എങ്കില്‍ ഒരാഴ്ച്ചയോളം നീണ്ടു നില്‍ക്കുന്ന രീതിയില്‍ ആസൂത്രണം ചെയ്തിരുന്ന ഈ ‘വാര്‍ത്താധിഷ്ഠിത പരിപാടി’ ഇന്ത്യന്‍ ആത്മാവിലേല്‍പ്പിക്കുന്ന വിള്ളല്‍ കുറച്ചു കൂടി ആഴമുള്ളതാകുമായിരുന്നു. അതായിരുന്നു ഈ പരിപാടിയുടെ ‘പല’ ലക്ഷ്യങ്ങളില്‍ ഒന്ന്.

ഇന്ത്യയുടെ മതേതര-ജനാധിപത്യ സ്വഭാവം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, ആ വാക്കുകള്‍ കേട്ടാല്‍ മദമിളകുന്ന ദശലക്ഷക്കണക്കിന് വൈകാരിക ജീവികളെയാണ് ‘രാജാവിന്’ കീഴിലുള്ള ‘ഹിന്ദു രാഷ്ട്രം’ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന ‘ജീവികള്‍’ ഇന്ത്യയാകമാനം, വിശേഷിച്ച് ഉത്തരേന്ത്യയില്‍ ഉത്പാദിപ്പിച്ച് വെച്ചിട്ടുള്ളത്. ഈ ജീവികളുടെ വൈകാരികാവേശം അണഞ്ഞു പോകാതിരിക്കാന്‍ ഇടക്കിടക്ക് ഇതുപോലുള്ള ഇന്ധനം നിറച്ച് നല്‍കാനുള്ള ഉത്തരവാദിത്തവും പലരിലായി ഏല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അര്‍ണബ് ഗോസ്വാമിയും സുരേഷ് ചാവെന്‍ങ്കെയുമൊക്കെ അതിലെ ചില പരല്‍ മീനുകള്‍ മാത്രം.

മനുഷ്യ മനസ്സുകളെ വൈകാരികമായി വേര്‍തിരിച്ച് ‘കള്ളികളില്‍’ നിറുത്തുക. അതിലൂടെ നേട്ടം കൊയ്യുക. ഇതാണല്ലോ ലോകവ്യാപകമായി എല്ലാ മതവര്‍ഗീയ – ഭൂരിപക്ഷ വര്‍ഗീയ-ഫാസിസ്റ്റ് പ്രസ്ഥാനങ്ങളും നടപ്പിലാക്കുന്ന രീതി. കഴിഞ്ഞ രണ്ടു ദാശാബ്ദത്തിലേറെയായി നമ്മുടെ രാജ്യത്തും ആസൂത്രിതമായി മതരാഷ്ട്ര വാദികള്‍ അത് തന്നെയാണ് നടപ്പിലാക്കുന്നത്. അത്, കുറച്ചു കൂടി ശക്തമാക്കിയ കാലത്തിലൂടെയാണ് നാമിപ്പോള്‍ സഞ്ചരിക്കുന്നത്. ഭരണത്തിന് എതിരെ ഉയരാവുന്ന എല്ലാ പ്രതിഷേധങ്ങളെയും പ്രതിരോധിക്കാനുള്ള എളുപ്പ വഴിയാണ് ഈ വൈകാരിക ഇന്ധനം നിറക്കല്‍ പരിപാടി. ഈ തന്ത്രം ഇടക്കിടക്ക് നടപ്പിലാക്കാനായി രാജ്യമാകെ ‘പടുത്തുയര്‍ത്തി വെച്ചിരിക്കുന്ന’ നിരവധി ഉപകരണങ്ങളുണ്ട്. അതിലൊന്ന് മാത്രമാണ് സുരേഷ് ചാവെന്‍ങ്കെയുടെ നേതൃത്വത്തിലുള്ള സുദര്‍ശന്‍ ചാനല്‍., ഇനിയെത്ര കാലം ഈ ഉപകരണങ്ങള്‍ വിഷം വമിപ്പിച്ചു കൊണ്ടിരിക്കും? പൊതുജനം ഈ തന്ത്രം തിരിച്ചറിഞ്ഞ് വരുമ്പോഴേക്കും ഈ രാജ്യം ബാക്കി ഉണ്ടാകുമോ? ഉണ്ടായാല്‍ തന്നെ എന്ത് അവസ്ഥയിലായിരിക്കും? വ്യക്തതയില്ലാത്ത ചോദ്യങ്ങളാണ് ഇവയൊക്കെ.

യു.പി.എസ്.സി ജിഹാദ്; ഒരു ചെറു വിവരണം:

മുസ്ലിം സമുദായത്തിനും ജാമിഅ മില്ലിയ സര്‍വകലാശാലക്ക് എതിരെയും ഉത്തരപ്രദേശിലെ നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദി ചാനലായ സുദര്‍ശന്‍ ടിവി നടത്താനിരുന്ന വിദ്വേഷ പ്രചാരണ പരിപാടിയായിരുന്നു ‘ബിന്ദാസ് ബോല്‍’. തുടര്‍ച്ചായ 6 ദിവസങ്ങളിലെ 12 മണിക്കൂര്‍ സമയമാണ് ഇതിനായി ഷെഡ്യൂള്‍ ചെയ്തിരുന്നത്. അതിലെ ആദ്യ പരിപാടി പ്രക്ഷേപണം ചെയ്യേണ്ടിയിരുന്നത് 2020 ഓഗസ്റ്റ് 28 ന് വെള്ളിയാഴ്ച്ച രാത്രി എട്ട് മണിക്കായിരുന്നു.

ഈ പരിപാടിയുടെ മര്‍മ്മം; ഐഎഎസ്, ഐപിഎസ് ഉള്‍പ്പടെയുള്ള ഭരണപരമായ തസ്തികകളിലേക്ക് മുസ്ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പേരെ തിരഞ്ഞെടുക്കുന്നത് രാജ്യത്തിന് ദോഷകരമാണെന്നും അതിനു പിന്നില്‍ ‘യു.പി.എസ്.സി അഥവാ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ ജിഹാദാ’ണെന്നതും ആയിരുന്നു. കൃത്യമായ ഗൂഢാലോചനയുടെ ഫലമായാണ് മുസ്ലിം സമുദായത്തില്‍ നിന്നുള്ളവര്‍ ഇത്തരം ഉന്നത തസ്തികകളില്‍ കയറുന്നതെന്നും ചാനല്‍ ചീഫ് സുരേഷ് ചാവെന്‍ങ്കെ സമൂഹ മാദ്ധ്യമങ്ങളിലൂടെ പറഞ്ഞു വെച്ചു.

‘ഇത്രയും കഠിന പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് നേടി കൂടുതല്‍ മുസ്?ലിം ജയിക്കുന്ന രഹസ്യം എന്താണ്? ജാമിഅയിലെ ജിഹാദികള്‍, നമ്മുടെ ജില്ലാ അധികാരികളും വിവിധ മന്ത്രാലയങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥരും ആയാലുള്ള അവസ്ഥ എന്താകും? രാജ്യത്തെ ഭരണസംവിധാനങ്ങള്‍ മുസ്ലിംകള്‍ പിടിച്ചെടുക്കുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുന്നു’ തുടങ്ങിയ പരാമര്‍ശങ്ങളോടെയാണ്? ഇയാള്‍ പരിപാടിയുടെ വീഡിയോ പങ്കുവെച്ചത്?. ഈ പ്രചരണത്തിനെ കൂടുതല്‍ അരക്കിട്ടുറപ്പിക്കാന്‍ ആവശ്യമായ പരിപാടികളായിരുന്നു ഇന്നലെ രാത്രിയോടെ ആരംഭിക്കാനിരുന്നത്.

വിഷയത്തില്‍ ഐപിഎസ് അസോസിയേഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വര്‍ഗീയവും ഉത്തരവാദിത്ത രഹിതവുമായ പത്ര പ്രവര്‍ത്തനത്തിന് ഉദാഹരണമാണ് സുദര്‍ശന്‍ ടിവി ചീഫ് സുരേഷ് ചാവെന്‍ങ്കെയുടെ രീതിയെന്ന് അസോസിയേഷന്‍ ട്വീറ്റ് ചെയ്തു. എങ്കിലും ഇയാള്‍ പ്രോഗ്രാമുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയും ഇതിനാവശ്യമായ ‘എരിവുള്ള’ ട്രയിലര്‍ (പ്രാരംഭ വിളംബരം) വീണ്ടും പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ഈ വീഡിയോ ഉള്‍പ്പടെയാണ് ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍, ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. അഡ്വക്കേറ്റ് ഷാദന്‍ ഫറാസാത്ത് വഴി വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹരജി വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വേഗത്തില്‍ എടുക്കുകയായിരുന്നു. ഒരു മണിക്കൂറിനകം ജസ്റ്റിസ് നവിന്‍ ചാവ്ലയുടെ സ്റ്റേ ഉത്തരവ് വന്നു.

പിന്നീട്; ഈ കോടതി ഉത്തരവ് ഞങ്ങള്‍ക്ക് രേഖാമൂലം ലഭിച്ചിട്ടില്ല; അതിനാല്‍ ഇന്നത്തെ പ്രോഗ്രാം ഞങ്ങള്‍ നടത്തുമെന്നും അതിലൂടെ ചില സത്യങ്ങള്‍ ലോകത്തോട് പറയുമെന്നും ചാനല്‍ ചീഫ് സുരേഷ് ചാവെന്‍ങ്കെ പ്രഖ്യാപിച്ചെങ്കിലും ട്രയിലര്‍ ഉള്‍പ്പടെയുള്ളവ നീക്കം ചെയ്തു കൊണ്ട് ചാവെന്‍ങ്കെ ‘ഇപ്പോള്‍’ പിന്‍വാങ്ങി എന്നാണ് നാം കരുതുന്നതും ആശ്വസിക്കുന്നതും. സത്യത്തില്‍ ഈ പ്രോഗ്രാം കൊണ്ട് ഉദ്ദേശിച്ച പല ലക്ഷ്യങ്ങളില്‍ ചിലത് സംഭവിച്ചു കഴിഞ്ഞു.

ഈ മുഖ പ്രസംഗം എഴുതുന്നതിനായി ചില ഡെല്‍ഹി ബന്ധങ്ങളിലേക്ക് പോയപ്പോഴാണ് അറിയുന്നത്; ഇത് പാളിപ്പോയ ഒരു പദ്ധതിയല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് എന്നും ഈ പദ്ധതിയിലെ പല ലക്ഷ്യങ്ങളിലെ, സുപ്രധാന ലക്ഷ്യം വിജയകരമായി എന്നും അറിയുന്നത്.

ഈ വിഷയം പ്രചരിപ്പിക്കുന്നതിന് മുന്‍പ് തന്നെ ചാനല്‍ ചീഫ് സുരേഷ് ചാവെന്‍ങ്കെ തയാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നും സുപ്രീം കോടതിയിലെ ഒരു പ്രമുഖ വക്കീലുമായി 2020 ഓഗസ്റ്റ് 23 ഞായറാഴ്ച്ച ഇയാള്‍ നേരില്‍ കണ്ടിരുന്നുവെന്നും ഈ വക്കീലിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് പിന്നീടുള്ള കാര്യങ്ങള്‍ നീക്കിയതെന്നും അറിയാന്‍ കഴിയുന്നത്. ‘അഭിമുഖ മേഖല, പരീക്ഷാ നടത്തിപ്പ് മേഖല, ഫാസിസ്റ്റ് സംഘടനകള്‍ എന്നിവരുടെ ശ്രദ്ധയില്‍ ഈ വിഷയത്തെ എത്തിക്കുക, ഉന്നത ഉദ്യോഗസ്ഥരുടെ സംഘടനകള്‍ക്ക്, അകത്തും പുറത്തും ഈ വിഷയം ചര്‍ച്ചയാക്കി നില നിറുത്തുക. ഈ നീക്കത്തിലൂടെ മുസ്ലിം ഉന്നതോദ്യോഗസ്ഥ വളര്‍ച്ചയെ പ്രതിരോധിക്കുക. ഇത്രയുമായിരുന്നു ലക്ഷ്യം. അതിനപ്പുറം അവസരം ലഭിച്ചില്ലെങ്കിലും സുദര്‍ശന്‍ ചാനല്‍ നേടിയത് വിജയമാണ്’ മതേതര ചിന്തയും ജനാധിപത്യ ബോധവും ജീവശ്വാസമായി കൊണ്ടുനടക്കുന്ന ഒരു മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു നിറുത്തി.

യു.പി.എസ്.സി ജിഹാദ്; യാഥാര്‍ത്ഥ്യം

ജനസംഖ്യയെ അപേക്ഷിച്ച് ഇപ്പോഴും വളരെ കുറവാണ് സിവില്‍ സര്‍വീസിലെ  മുസ്ലീം പ്രാതിനിധ്യം എന്നതാണ് യാഥാര്‍ത്ഥ്യം. പിന്നെ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി മുസ്ലിം സമൂഹത്തിലെ സര്‍ക്കാര്‍ ജോലിയോടുള്ള അയിത്തം കുറഞ്ഞതും ഒരു കാരണമാണ്. സര്‍ക്കാര്‍ ജോലി മത വിരുദ്ധമല്ല എന്ന ബോധ്യവും ഇംഗ്ലീഷ് ഭാഷ ചെകുത്താന്റെ ഭാഷയൊന്നുമല്ല അത് മനുഷ്യരുടെ ഭാഷയാണെന്ന വൈകി ഉദിച്ച വിവരവും മറ്റൊരു കാരണമാണ്. പഠനത്തോട് താല്പര്യം സൃഷ്ട്ടിക്കുന്ന ലോക സാഹചര്യവും സ്വന്തം നാട്ടില്‍ തന്നെ ജീവിക്കാനുള്ള മനോഭാവവും മുസ്ലിം കമ്മ്യൂണിറ്റിയില്‍ നിന്ന് രൂപം കൊണ്ടിട്ടുള്ള ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പടെ മറ്റനേകം കാരണങ്ങള്‍ കൊണ്ട് മുസ്ലിം സമൂഹത്തില്‍ നിന്നുള്ളവര്‍ സര്‍ക്കാര്‍ സര്‍വീസിലെ എല്ലാ മേഖലയിലും ഇപ്പോള്‍ എത്തിച്ചേരുന്നുണ്ട്. ഇതൊരു നഗ്ന യാഥാര്‍ത്ഥ്യമാണ്.

നാല്‍പത് കൊല്ലം മുന്‍പ് കൃത്യമായി പറഞ്ഞാല്‍, 1980 ഡിസംബര്‍ 31ന് ഇന്ത്യന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍സിങിന് സമര്‍പ്പിച്ച, ‘ഇന്ത്യയുടെ നിശ്ശബ്ദ വിപ്ലവം’ എന്ന് ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞനായിരുന്ന ക്രിസ്റ്റോഫ് ജാഫര്‍ലോട്ട് വിശേഷിപ്പിച്ച മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി നോക്കിയാല്‍ ഇനിയും ദശാബ്ദങ്ങള്‍ വേണം സംവരണവും തുല്യതയും ശരിയായ അനുപാതത്തിലെത്താന്‍. (വിഷയം അതല്ലാത്തത് കൊണ്ട് കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കുന്നില്ല).

സുദര്‍ശന്‍ ചാനല്‍ ‘ഒന്ന്’ മാത്രമാണ്; അനേകം വേറെയുമുണ്ട്

ഭിന്നിപ്പ് സൃഷ്ടിച്ച് ഭരണം പിടിക്കുക, ഭരിക്കുക, ഭരണം നില നിറുത്തുക എന്ന നീചവും മനുഷ്യത്വ വിരുദ്ധവുമായ തന്ത്രത്തിലെ പുതിയ ഏടാണ് യു.പി.എസ്.സി ജിഹാദ്. ഇതിനായി രാജ്യത്തിനകത്ത് ഇന്ധനം നല്‍കി ജോലി ‘ചെയ്യിപ്പിക്കുന്ന’ ആയിരക്കണക്കിന് ഉപകരണങ്ങളില്‍ ഒന്ന് മാത്രമാണ് സുദര്‍ശന്‍ ടി.വി. ശക്തമായി പ്രതിരോധിക്കേണ്ട ഒന്നാണിത്. സുദര്‍ശന്‍ ടി.വിയെപ്പോലെ ജോലി ചെയ്യുന്ന നിരവധി രാജ്യദ്രോഹ ഉപകരണങ്ങള്‍ ഡിജിറ്റല്‍, ചാനല്‍, റേഡിയോ, അച്ചടി മാദ്ധ്യമരംഗത്തും പ്രഭാഷണ, എഴുത്ത്, രാഷ്ട്രീയ രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെ പ്രതിരോധിച്ചില്ലങ്കില്‍ നിലവില്‍ ‘ബാക്കിയുള്ള’ സമാധാനം കൂടി നമുക്ക് നഷ്ടമാകും.

ഇവയെ നിയമപരമായി പ്രതിരോധിക്കാന്‍, മതേതര വാദികളുടെയും സമാധാന കാംക്ഷികളുടെയും നേതൃത്വത്തില്‍ ഒരു ‘സുസ്ഥിര പ്രതിരോധ പദ്ധതി’ തന്നെ ഉണ്ടാകേണ്ടതുണ്ട്. ഈ പ്രതിരോധ പദ്ധതിയുടെ ഉത്തരവാദിത്തം; ഇത്തരത്തില്‍ രാജ്യമാകെ വിഷം വമിപ്പിക്കുന്ന ചാനലുകളുടെയും ഓണ്‍ലൈന്‍ – ഓഫ്ലൈന്‍ മാദ്ധ്യമങ്ങളുടെയും ഒരു പട്ടികയുണ്ടാക്കി ഇവരെ വീക്ഷിക്കുക, ഓരോ നിയമ വിരുദ്ധ വാര്‍ത്തക്കും പ്രസംഗത്തിനും എഴുത്തിനും പ്രവര്‍ത്തിക്കുമെതിരെ നീതി നിയമ സംവിധാനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുക. സമൂഹത്തില്‍ ഇവരെ എല്ലാ രീതിയിലും തുറന്ന് കാണിക്കുക എന്നത് മാത്രമായിരിക്കണം ഈ ‘സ്ഥിര പ്രതിരോധ പദ്ധതി’യുടെ പ്രവര്‍ത്തനം.

നിസ്സാരമായി തള്ളിക്കളയേണ്ട ഒരു വിഷയമല്ലിത്. ഇതൊരു ‘വലിയ പദ്ധതിയായി’ തന്നെ രൂപം കൊടുക്കേണ്ട വിഷയമാണ്. രാജ്യാതിര്‍ത്തിയില്‍ സൈന്യം നമുക്കായി കാവലിരിക്കുന്നത് പോലെ, രാജ്യത്തിനകത്തുള്ള ഭീകരവാദികളും തീവ്രവാദികളും നടത്തുന്ന ഇത്തരം ‘വിഷവാതക’ പ്രയോഗത്തെ നിരന്തരം നിയമപരമായി ചോദ്യം ചെയ്യാനുള്ള ഒരു സൈനിക പദ്ധതിയായി വേണം ഇതിനെ സമീപിക്കാന്‍ ഇല്ലങ്കില്‍, തീര്‍ച്ച; തിന്മയുടെ കൊടുങ്കാറ്റ് വിതച്ച് നേട്ടങ്ങളുണ്ടാക്കാന്‍ കാത്തിരിക്കുന്ന ഇവര്‍ നാളെ നമ്മുടെ ബാക്കിയുള്ള സമാധാനം കൂടി തകര്‍ക്കും.

രണ്ടു ദശാബ്ദത്തോളമായി ലോക രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ഈ രാജ്യത്തിനകത്തെ മനുഷ്യ വിഭവശേഷിയെയാണ്. അതിനെ കൃത്യമായി തമ്മില്‍ തല്ലിച്ചും നിരന്തര സമ്മര്‍ദ്ദത്തില്‍ നില നിറുത്തിയും തികച്ചും അനാവശ്യമായ കാര്യങ്ങളില്‍ വ്യാപൃതരാക്കിയും നശിപ്പിക്കുകയോ പിടിച്ചു കെട്ടുകയോ ചെയ്യുക. അവരെ വിപണിയുടെ ചലനത്തിനെ പ്രോത്സാഹിപ്പിക്കാനുള്ള വെറും ‘ഇന്ധനമാക്കി’ നില നിറുത്തുക. അതിനപ്പുറം വളരാന്‍ പാടില്ലാത്ത സാമൂഹിക അന്തരീക്ഷം നില നിറുത്തുക. ഇത് വളരെ കൃത്യമായി നമ്മുടെ രാജ്യത്ത് നടപ്പിലാക്കി വരുന്നുണ്ട്. അതിനാവശ്യമായ ഫണ്ട് ലഭ്യമാക്കാനുള്ള എല്ലാ സംവിധാനവും എണ്ണയിട്ട മെഷീന്‍ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

ഇത് മനസിലാക്കാന്‍ കഴിയുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കലും ‘സുസ്ഥിര പ്രതിരോധ പദ്ധതി’ യുടെ ഭാഗമാക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ നിലവില്‍ ബാക്കിയുള്ള സമാധാനമെങ്കിലും നില നിറുത്താന്‍ കഴിയു. ഇതിനായുള്ള പരിശ്രമങ്ങള്‍ സമൂഹം നടപ്പിലാക്കിയില്ലങ്കില്‍ അത് കൂടുതല്‍ ആഴമുള്ള മുറിവുകള്‍ സൃഷ്ട്ടിക്കാനും വിദ്വേഷം നിറച്ചു വെച്ചിരിക്കുന്ന ഒരു സമൂഹത്തില്‍ വേദനയോടെ, അസമാധാനത്തോടെ ജീവിക്കേണ്ടി വരാനും കാരണമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

COMMENTS

  1. ഒരു രാജ്യത്തിൻ്റെ പേരിൻ്റെ പേരിൽ സംഘടിച്ച് വൃത്തികെട്ട ഒരു നീതിയുമില്ലാത്ത ആശയമാണ്
    ഹിന്ദുത്വം. ഈ ഐഡിയോളജിയുടെ ഭീകരതാണ്ഡവം കാശ്മീർ, അയോദ്ധ്യ, മാറാട്, പാലക്കാട് തുടങ്ങിയ ദേശത്ത് നടമാടിയത് നമ്മൾ കണ്ടതാണ. പൗരത്വാവകാശ ബിൽ, ആസാം പ്രശ്നങ്ങൾ, രോഹിംഗ്യൻ അഭയാർത്ഥി പ്രശ്നം എന്നിവയുടെയെല്ലാം പിൻ പ്രവർത്തനം നടത്തിയതും ഈ ഹിന്ദുത്വ ഐഡിയോളജി തന്നെ!
    കേരളത്തിലുണ്ടായ പ്രകൃതിദുരന്തങ്ങളിലും, കൊറോണാ മഹാമാരിയിലും ഇവർ എടുത്ത നിലപാട് അത്രയും മോശമായിരുന്നു.
    ഇതിന് കൂട്ടുനിൽക്കുന്നത് കോൺഗ്രസ്സും അവരെ സഹായിക്കുന്നത് പീറ മാദ്ധ്യമങ്ങളും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE