തിരുവനന്തപുരം: വനിത വികസന കോര്‍പറേഷന്റെ പത്തനംതിട്ട ജില്ലാ ഓഫിസ് ഉൽഘാടനം ഡിസംബര്‍ 11ന് 11 മണിക്ക് നടക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉൽഘാടനം നിര്‍വഹിക്കും. കോര്‍പറേഷന്റെ സേവനം കൂടുതല്‍ സ്‌ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട കോളേജ് റോഡിലുള്ള കെട്ടിടത്തിലാണ് ജില്ലാ ഓഫിസ് ആരംഭിക്കുന്നത്.
സമൂഹത്തിലെ അടിസ്‌ഥാന ജന വിഭാഗത്തെയും സാമ്പത്തിക സാശ്രയത്വത്തിലൂടെ ശാക്‌തീകരിച്ചാല്‍ മാത്രമെ സമഗ്ര പുരോഗതി കൈവരിക്കുന്നതിന് സാധിക്കുകയുള്ളൂ എന്നതിനാലാണ് 3 മേഖല ഓഫിസുകൾക്ക് പുറമെ കൂടുതല്‍ ജില്ലാ ഓഫിസുകളും ഉപ ജില്ലാ ഓഫിസുകളും പുതുതായി ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ജില്ലാ ഓഫിസുകൾ ഉണ്ടായിരുന്നത്. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മറ്റു ജില്ലകളിലും ജില്ലാ ഓഫിസുകൾ തുറന്നു വരുന്നു. പാലക്കാട്, മലപ്പുറം, കോട്ടയം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ജില്ലാ ഓഫിസുകൾ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് പേരാമ്പ്രയിലും തൃശൂര്‍ ചേലക്കരയിലും ഉപജില്ലാ ഓഫിസുകളും തുടങ്ങിയിട്ടുണ്ട്. ഇടുക്കി, വയനാട്, കൊല്ലം ജില്ലാ ഓഫിസുകളിലും ഈ മാസം തന്നെ പ്രവര്‍ത്തനമാരംഭിക്കും.
ജില്ലാ ഓഫിസ് ഉൽഘാടനത്തോട് അനുബന്ധിച്ച് ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനുമായി ചേര്‍ന്ന് വായ്‌പ മേളയും സംഘടിപ്പിക്കുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം പത്തു കോടി രൂപയുടെ വായ്‌പ വിതരണം ജില്ലയില്‍ നടത്തുന്നതിനാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. അതോടൊപ്പം മികച്ച നൈപുണ്യ വികസന പരിശീലനവും സംരംഭകത്വ വികസന പരിശീലനവും വനിതകള്‍ക്ക് ലഭ്യമാക്കുന്നതാണ്.
പത്തനംതിട്ട താഴെവെട്ടിപ്പുറം ലയന്‍സ് ക്‌ളബ് ഹാളില്‍ വച്ചാണ് സ്വയംതൊഴില്‍ വായ്‌പ വിതരണവും മൈക്രോ ഫിനാന്‍സ് വായ്‌പ വിതരണവും നടക്കുന്നത്. വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെഎസ് സലീഖ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
Also Read: കെ- റെയിലിനെതിരെ പ്രതിഷേധം; നൂറിലധികം പേർക്കെതിരെ കേസ്