തിരുവനന്തപുരം: മുന്നിൽ വന്ന് പുകഴ്‌ത്തുന്നവരൊന്നും നമുക്കൊപ്പം ഉണ്ടാവില്ലെന്നാണ് അനുഭവത്തിൽ നിന്ന് താൻ പഠിച്ചതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ സുധാകരനെതിരെ സിപിഎം ആരോപണം ഉന്നയിച്ചപ്പോൾ അതിനെതിരെ താൻ പ്രതികരിച്ചു. എന്നാൽ തനിക്കെതിരെ ബിജെപി ബന്ധം ആരോപിച്ചപ്പോൾ ആരും പ്രതികരിച്ചില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ചിരിക്കുന്നവരെല്ലാം സ്‌നേഹിതരല്ലെന്ന് സുധാകരൻ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തകർക്കാൻ ശ്രമിക്കുമ്പോൾ തിരിച്ചു വരുന്ന ഉജ്വലമായ ചരിത്രമാണ് കോൺഗ്രസിനുള്ളത്. കോവിഡ് ഇല്ലെങ്കിൽ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം, കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ചുമതലയേറ്റു. കെപിസിസി ആസ്‌ഥാനമായ ശാസ്‌തമംഗലത്തെ ഇന്ദിരാഭവനിൽ വച്ചാണ് ചടങ്ങ് നടന്നത്. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സുധാകരന് ഒപ്പം മൂന്ന് വർക്കിങ് പ്രസിഡണ്ടുമാരും ചുമതല ഏറ്റെടുത്തു.
അധ്യക്ഷ സ്‌ഥാനം സ്വീകരിക്കുന്നതിന് മുന്നോടിയായി രാവിലെ ഗാന്ധി പ്രതിമയിലും പാളയം രക്‌തസാക്ഷി മണ്ഡപത്തിലും പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് സുധാകരൻ കെപിസിസി ആസ്‌ഥാനത്ത് എത്തിയത്. തുടർന്ന് സേവാദൾ വോളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ഹൈക്കമാന്റ് പ്രഖ്യാപനം വന്ന് ഒരാഴ്‌ചക്ക് ശേഷമാണ് കെ സുധാകരൻ ചുമതല ഏറ്റെടുത്തത്. അധ്യക്ഷനായി ചുമതല ഏറ്റെടുത്ത കെ സുധാകരന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്ക് ശേഷം യോഗം ചേരും.
Most Read: ലക്ഷദ്വീപിൽ സ്വകാര്യ വ്യക്‌തികളുടെ ഭൂമി ഏറ്റെടുക്കൽ; നടപടി ആരംഭിച്ചു