ലഖ്‌നൗ: ഷേവിങ് ബ്‌ളേഡ് കൊണ്ട് വ്യാജ ഡോക്‌ടർ നടത്തിയ സിസേറിയനിൽ അമ്മക്കും കുഞ്ഞിനും ദാരുണാന്ത്യം. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലാണ് അതിക്രൂരമായ കൃത്യം അരങ്ങേറിയത്. എട്ടാം ക്‌ളാസ് തോറ്റ രാജേന്ദ്ര ശുക്‌ള എന്നയാളാണ് അറസ്‌റ്റിലായത്. ഗ്രാമത്തിൽ ഡോക്‌ടർ ചമഞ്ഞ് മാ ശാരദ എന്ന പേരിൽ ക്ളിനിക്ക് നടത്തി വരികയായിരുന്നു ഇയാൾ.
33കാരിയായ പൂനവും ഇവരുടെ നവജാത ശിശുവുമാണ് മരിച്ചത്. യുവതിയുടെ മരണത്തിൽ സംശയം തോന്നിയ ഭർത്താവ് രാജാറാം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജേന്ദ്ര ശുക്‌ള കുടുങ്ങിയത്. പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച യുവതിയെ ഇയാൾ ഷേവിങ് ബ്‌ളേഡ് കൊണ്ടാണ് ഓപ്പറേഷൻ ചെയ്‌തത്.
ശിശു ജനിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ മരിച്ചതായും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്‌തം വാർന്നാണ് യുവതി മരിച്ചത്. നിയമപരമായ രേഖകൾ ഇല്ലാതെയാണ് രാജേന്ദ്ര ക്ളിനിക്ക് നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. ഓപ്പറേഷൻ നടത്താനുള്ള യാതൊരു സംവിധാനങ്ങളും ഇവിടെ ഉണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്‌തമാക്കി.
Also Read: അംബാനിക്ക് ബോംബ് ഭീഷണി; മന്‍സുഖ് ഹിരേന്‍ കൊലക്കേസും എൻഐഎക്ക്