തിരുവനന്തപുരം: എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്താൻ ശ്രമം. പണം ആവശ്യപ്പെട്ട് എഡിജിപിയുടെ സുഹൃത്തുക്കൾക്ക് സന്ദേശമെത്തി. എറണാകുളം സ്വദേശി ജിയാസ് ജമാലിനാണ് ആദ്യം വ്യാജന്റെ സഹായാഭ്യർഥന എത്തിയത്. 10,000 രൂപ ആവശ്യപ്പെട്ടായിരുന്നു സന്ദേശം.
എഡിജിപിയുടെ യഥാർഥ ഫേസ്ബുക്ക് അക്കൗണ്ടിലെ അതേ പ്രൊഫൈൽ ചിത്രം ഉൾപ്പടെയുള്ള വ്യാജ അക്കൗണ്ട് വഴിയാണ് തട്ടിപ്പിന് ശ്രമം നടന്നത്. ജിയാസിനോട് ആദ്യം സുഖവിവരങ്ങൾ അന്വേഷിച്ച തട്ടിപ്പുകാരൻ പിന്നീട് ഗൂഗിൾ പേ വഴി സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് പണമിടാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് സംഭവം തട്ടിപ്പാണെന്നും അക്കൗണ്ട് വ്യാജമാണെന്നും ജിയാസ് തിരിച്ചറിഞ്ഞത്.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിജയ് സാഖറെ അറിയിച്ചു. സൈബർ ഡോം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: കനറ ബാങ്ക് പത്തനംതിട്ട ബ്രാഞ്ചിൽ 8.13 കോടിയുടെ തട്ടിപ്പ്; ജീവനക്കാരൻ ഒളിവിൽ