കണ്ണൂർ: രാഷ്‌ട്രപതിയുടെ വെബ്സൈറ്റ് വഴി വ്യാജ ഉത്തരവ് ഇറക്കി തട്ടിപ്പ് നടത്തിയ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തു. എസ്ബിടി റിട്ട. ഉദ്യോഗസ്‌ഥൻ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പിപിഎം അഷ്റഫാണ് (71) അറസ്‌റ്റിലായത്. അഷ്‌റഫിന്റെ സഹോദരൻ പയ്യാമ്പലം റാഹത്ത് മൻസിലിൽ പിപിഎം ഉമ്മർകുട്ടിയാണ് കേസിലെ രണ്ടാം പ്രതി. ഇയാൾ ഒളിവിലാണ്. ഇയാളെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്ന് ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു. അതേസമയം, റിമാൻഡിലായ അഷ്‌റഫിനെ നെഞ്ചുവേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ ഫോർട്ട് റോഡിൽ ഉമ്മർകുട്ടിയുടെ ഉടമസ്‌ഥതയിൽ ഉള്ള കെട്ടിടം നിർമാണച്ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടെന്നും കെട്ടിടം പൊളിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ കോർപറേഷൻ സെക്രട്ടറി ഉമ്മർകുട്ടിക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്ന്, കുറച്ച് ദിവസങ്ങൾക്ക് ശേഷം, രാഷ്‌ട്രപതി ഉത്തരവ് നിർദ്ദേശിച്ചിട്ടുള്ള ഒരു കത്ത് ഉമ്മർകുട്ടി മുനിസിപ്പൽ സെക്രട്ടറിക്ക് നൽകി. മന്ത്രിസഭയുടെ അധികാരം ഇല്ലാതെ കണ്ണൂർ കോർപറേഷൻ സ്വീകരിച്ച നടപടി ചട്ടവിരുദ്ധമാണെന്നും കോർപറേഷന് ഇത്തരം നോട്ടീസ് നൽകാൻ അധികാരം ഇല്ലെന്നും ഉത്തരവ് പിൻവലിക്കണം എന്നുമായിരുന്നു കത്തിൽ ഉണ്ടായിരുന്നത്.
രാഷ്‌ട്രപതിയുടെ ഉത്തരവ് വായിച്ച സെക്രട്ടറി അമ്പരന്നു. കാര്യം അറിയാനായി സെക്രട്ടറി വിവരം പോലീസിൽ അറിയിച്ചു. രാഷ്‌ട്രപതിയുടെ ഉത്തരവിൽ സംശയം തോന്നിയ പോലീസ് ഉമ്മർകുട്ടിയുടെ സഹോദരൻ അഷ്‌റഫിനെ വിശദമായി ചോദ്യം ചെയ്‌തതോടെയാണ് തട്ടിപ്പ് പുറത്തായത്. പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള സിറ്റിസൺ പോർട്ടലിൽ കയറി പരാതി നൽകിയ അഷ്‌റഫ് അതിൽ രാഷ്‌ട്രപതിയുടേതെന്ന മട്ടിൽ വ്യാജ മറുപടിയും സ്‌കാൻ ചെയ്‌ത് കയറ്റി. ഇതോടെ വെബ്സൈറ്റ് പരിശോധിക്കുന്ന ആർക്കും ഈ മറുപടിയും കാണാൻ സാധിക്കും. ഇതിന്റെ പകർപ്പ് നൽകിയാണ് തട്ടിപ്പ് നടത്തിയത്.
Most Read: സൗദി വിമാനത്താവളത്തിൽ വീണ്ടും ഡ്രോൺ ആക്രമണം; 10 പേർക്ക് പരിക്ക്