ന്യൂഡെൽഹി: ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ച കർഷകർ ഇന്ന് അതിർത്തിയിൽ ശ്രദ്ധാഞ്‌ജലി ദിനം ആചരിക്കും. സമരത്തിനിടെ മരണപെട്ട കര്‍ഷകര്‍ക്കാണ് ശ്രദ്ധാഞ്‌ജലി അർപ്പിക്കുന്നത്. നാളെ വിജയ ദിവസം ആഘോഷിക്കുന്ന കർഷകർ അതിർത്തികളിൽ നിന്ന് വീടുകളിലേക്ക് മടങ്ങും.
താങ്ങുവിലക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്നത് അടക്കം കേന്ദ്രം നൽകിയ ഉറപ്പുകളുടെ പുരോഗതി അടുത്തമാസം 15ന് വിലയിരുത്താനാണ് സംയുക്‌ത കിസാൻ മോർച്ചയുടെ തീരുമാനം. അതേസമയം ലഖിംപൂർ സംഭവുമായി ബന്ധപ്പെട്ട തുടർ സമര പരിപാടികളിൽ ഉത്തർപ്രദേശിലെ സംയുക്‌ത കിസാൻ മോർച്ച ഘടകം തീരുമാനമെടുക്കും.
ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതോടെ ആണ് ഒരു വര്‍ഷത്തിൽ ഏറെയായി അതിര്‍ത്തിയില്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറായത്.
സമരങ്ങള്‍ക്കിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്‌ടപരിഹാരം, മിനിമം താങ്ങുവില, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചു. രേഖാമൂലം ഉറപ്പുവേണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചു.
പ്രക്ഷോഭങ്ങള്‍ക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ ഹരിയാന, ഉത്തര്‍പ്രദേശ് സംസ്‌ഥാനങ്ങള്‍ സമ്മതമറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി. മിനിമം താങ്ങുവില സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സമിതിയെ നിയോഗിക്കും. കര്‍ഷക പ്രതിനിധികളെ ഈ സമിതിയില്‍ ഉള്‍പ്പെടുത്തും. വൈദ്യുതി ഭേദഗതി ബില്ലില്‍ എല്ലാവരുടെയും അഭിപ്രായം തേടും.
Most Read: ഡെൽഹി വായു മലിനീകരണം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും