ന്യൂഡെൽഹി: അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വനിതാ സംരംഭകരെ പ്രോൽസാഹിപ്പിക്കുന്ന നടപടികളുടെ ഭാഗമായി ഗൂഗിൾ അഞ്ച് ലക്ഷം ഡോളർ (ഏകദേശം 3.65 കോടി രൂപ) ഗ്രാന്റ് പ്രഖ്യാപിച്ചു.
കർഷകരായ വനിതകളെ സഹായിക്കാനായി നാസ്‌കോമുമായി സഹകരിച്ചാണ് ഗൂഗിൾ പദ്ധതി നടപ്പാക്കുക. ബിഹാർ, ഹരിയാണ, ഹിമാചൽ പ്രദേശ്, രാജസ്‌ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ ആറ് സംസ്‌ഥാനങ്ങളിലെ വനിതകൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
സാങ്കേതിക, സാമ്പത്തിക മേഖലകളിൽ ഒരുലക്ഷത്തോളം വനിതകളെ സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതോടനുബന്ധിച്ച് ഗ്രാമീണ വനിതകൾക്കായിട്ട് വിവിധ പരിശീലന പദ്ധതികൾ ലക്ഷ്യമിട്ടുള്ള ‘വിമൻ വിൽ‘ വെബ് പ്ളാറ്റ് ഫോം അവതരിപ്പിക്കും.
സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും സാമ്പത്തിക ശാക്‌തീകരണത്തിനായി ലാഭേച്ഛയില്ലാതെ ലോകമെമ്പാടും പ്രവർത്തിക്കുന്ന സാമൂഹിക സ്‌ഥാപനങ്ങൾക്ക് 2.5 കോടി ഡോളർ സഹായം നൽകുമെന്നും ഗൂഗിൾ അറിയിച്ചു. വനിതാദിനത്തിന്റെ ഭാഗമായി ഗൂഗിൾ പേ പ്രത്യേക ബിസിനസ് പേജും അവതരിപ്പിച്ചിട്ടുണ്ട്. നേരിട്ട് ജനങ്ങളിലേക്ക് സേവനങ്ങളും ഉൽപന്നങ്ങളും എത്തിക്കാൻ സഹായിക്കുകയാണ് ലക്ഷ്യം.
Read Also: വനിതാ സംവരണം 50 ശതമാനം ഉയർത്തണമെന്ന് വനിതാ എംപിമാർ