മലപ്പുറം: സംസ്‌ഥാന സർക്കാർ നിർമിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിൽ പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. തവനൂരിലാണ് സെൻട്രൽ ജയിൽ നിർമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഉൽഘാടനം ചെയ്യാൻ ആലോചിച്ചിരുന്ന പദ്ധതിയാണ് എങ്ങുമെത്താതെ കിടക്കുന്നത്. നിലവിൽ ജയിൽ സമുച്ചയത്തിലേക്ക് ആവശ്യമായ വെള്ളവും വൈദ്യുതിയും എത്തിയിട്ടില്ല. ജയിലിലേക്കുള്ള നടപ്പാതയും തയ്യാറാക്കിയിട്ടില്ല.
രണ്ടായിരത്തോളം അന്തേവാസികളെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ജയിൽ സമുച്ചയമാണ് ഒരുക്കുന്നത്. അതേസമയം, സാമ്പത്തിക പ്രയാസത്തെ തുടർന്നാണ് പദ്ധതി നിർവഹണത്തിൽ കാലതാമസം വരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. 30 കോടി രൂപാ ചിലവിൽ തവനൂർ കൂരടയിലെ എട്ട് ഏക്കർ സ്‌ഥലത്താണ് ജയിൽ സമുച്ചയം ഒരുക്കുന്നത്. ജയിൽ സൂപ്രണ്ടിനേയും അഞ്ച് ഉദ്യോഗസ്‌ഥരെയും നിയമിച്ചെങ്കിലും അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കാൻ കാലതാമസം നേരിടുകയാണ്.
ജയിലിലേക്ക് ആവശ്യമായ ശുദ്ധജലം ഭാരതപ്പുഴയിൽ നിന്ന് എത്തിക്കാനാണ് നീക്കം. ഇതിനായി രണ്ടു കോടിയുടെ എസ്‌റ്റിമേറ്റ് തയ്യാറാക്കി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ട് മാസങ്ങളായി. മിനിപമ്പയിൽ കിണർ നിർമിച്ച് ദേശീയപാതയ്‌ക്ക് അടിയിലൂടെ പൈപ്പ്ലൈൻ സ്‌ഥാപിച്ച് വേണം കൂരട കുന്നിന് മുകളിലുള്ള ജയിലിലേക്ക് വെള്ളം എത്തിക്കാൻ. ഇതിന് ഇനിയും കാലതാമസം എടുക്കും.
പുഴയിലെ വെള്ളം ശുദ്ധീകരിക്കാൻ ആവശ്യമായ പ്ളാന്റ് നിർമിക്കാനുള്ള ഫണ്ട് ലഭ്യമായിട്ടില്ലായെന്നും അധികൃതർ പറയുന്നു. വൈദ്യുതീകരണം പൂർത്തിയായെങ്കിലും കണക്ഷൻ ലഭിച്ചിട്ടില്ല. ജയിൽ ഉദ്യോഗസ്‌ഥർക്കുള്ള താമസ സൗകര്യവും ഒരുക്കിയിട്ടില്ല. അതേസമയം, ജയിൽ കവാടം ടാർ ചെയ്യാൻ ജയിൽ വകുപ്പ് സ്‌ഥലം എംഎൽഎയായ കെടി ജലീലിന് നിവേദനം നൽകിയിട്ടുണ്ട്.
Most Read: കരുതലോടെ കാമ്പസിലേക്ക്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ