വയനാട് : ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് ഇടയില്‍ വീണ്ടും ആശങ്ക നിറച്ച് മഴ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്‌ച മുന്‍പ് വരെ ചുഴലിക്കാറ്റിന്റെയും, മഴയുടെയും ഭീഷണി ഉണ്ടായിരുന്ന സാഹചര്യത്തില്‍ നിന്നും കരകയറി വരുമ്പോഴാണ് ജില്ലയില്‍ വീണ്ടും മഴ ആശങ്ക ഉണ്ടാക്കുന്നത്. കഴിഞ്ഞ 2 ദിവസമായി ജില്ലയാകെ മഴ ഭീഷണിയിലാണ്. മഴ കനക്കുന്നതിന് മുന്‍പ് തന്നെ വിളവെടുക്കണമെന്ന് കരുതിയ കര്‍ഷകര്‍ ഇതോടെ ആശങ്കയിലായി. ഒപ്പം തന്നെ ഇതിനോടകം വിളവെടുത്ത കര്‍ഷകര്‍ നെല്ല് ഈർപ്പം തട്ടി നശിച്ചു പോകുമോയെന്ന ആശങ്കയും.
ചുഴലിക്കാറ്റും, മഴയും ഒഴിഞ്ഞെന്ന ആശ്വാസത്തില്‍ ജില്ലയില്‍ കഴിഞ്ഞ ആഴ്‌ച മുതൽ നെല്ലിന്റെ വിളവെടുപ്പ് പല സ്‌ഥലങ്ങളിലും നടക്കുകയാണ്. യന്ത്രങ്ങളുടെയും, ജോലിക്കാരുടെയും കുറവ് മൂലം കര്‍ഷകര്‍ ഇപ്പോള്‍ തന്നെ വലിയ ബുദ്ധിമുട്ടിലാണ്. അതിനൊപ്പമാണ് ഇപ്പോള്‍ മഴയും ആശങ്ക നിറക്കുന്നത്. മഴ ശക്‌തമായാല്‍ നെല്ലും, വൈക്കോലും ഉണങ്ങാതെ നശിക്കാന്‍ ഇടയുണ്ട്. ഇങ്ങനെ വന്നാല്‍ കൃഷി നഷ്‌ടത്തിലാകുമെന്ന കാര്യവും ഉറപ്പാണ്. മഴ പെയ്‌ത് ഈര്‍പ്പമേറ്റാല്‍ വൈക്കോലിൽ പൂപ്പലുണ്ടായി നശിക്കാനും, പിന്നീട് അത് കന്നുകാലികള്‍ക്ക് ഭക്ഷ്യ യോഗ്യമല്ലാതാകാനും സാധ്യതയുണ്ട്. ഒപ്പം തന്നെ നെല്ല് കൃത്യമായി ഉണങ്ങിയില്ലെങ്കില്‍ അവ ഏറ്റെടുക്കാനും ആരും വരികയില്ല.
ജില്ലയിലെ മിക്ക പ്രദേശങ്ങളിലും രൂക്ഷമായ വന്യമൃഗശല്യത്തിനും മറ്റുമിടയിലാണ് കര്‍ഷകര്‍ കൃഷി ചെയ്യുന്നത്. അതിനാല്‍ തന്നെ കൊയ്‌ത്ത് വൈകുന്തോറും കര്‍ഷകര്‍ക്കിടയില്‍ ആശങ്കയും വര്‍ധിക്കുകയാണ്. കൊയ്‌ത്ത് മേഖലയിലേക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കൂടി ലഭ്യമാക്കുകയാണെങ്കില്‍ തൊഴിലാളികളുടെ ലഭ്യതയില്ലാതെ വലയുന്ന കര്‍ഷകര്‍ക്ക് അതൊരു ആശ്വാസമാകും.
Read also : തൃശൂര്‍; റെയില്‍വേ സ്‌റ്റേഷനിലെ പ്രധാന കവാടം ലോക്ക്ഡൗണിന് ശേഷം തുറന്നു