എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെ 5 പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹരജി നൽകിയിരിക്കുന്നത്. ജസ്‌റ്റിസ് പി ഗോപിനാഥാണ് ഇന്ന് ജാമ്യഹരജികൾ പരിഗണിക്കുന്നത്.
കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം. കൂടാതെ നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നും ഹരജിയിൽ ദിലീപ് ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, ദിലീപിനെ ചോദ്യം ചെയ്‌ത് തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം ഇന്ന് കോടതിയിൽ വ്യക്‌തമാക്കും.
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തിൽ ഇന്നലെ ദിലീപിന്റെ വീട്ടിലും സ്‌ഥാപനത്തിലും പോലീസ് റെയ്‌ഡ് നടത്തിയിരുന്നു. തുടർന്ന് മൊബൈൽ ഫോണും, ഹാർഡ് ഡിസ്‌കും പിടിച്ചെടുത്തു. ഇവ ഉടൻ തന്നെ ശാസ്‌ത്രീയ പരിശോധന നടത്തുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also: വയനാട്ടിലെ ലഹരിപ്പാർട്ടി; അന്വേഷണം ഊർജിതമാക്കി പോലീസ്