വാഷിങ്ടൻ: ഇറാൻ വലിയ തകർച്ച നേരിടുകയാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ മോശമായി കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രസ്‌താവന.
നിലവിലെ പശ്‌ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറന്നുനൽകണമെന്ന് ഇറാൻ അമേരിക്കയോട് ആവശ്യപ്പെട്ടുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനെതിരെ അമേരിക്ക-ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ആഗോള വ്യാപാരത്തിന്റെ കേന്ദ്രമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
ഏകദേശം രണ്ടായിരത്തോളം കപ്പലുകളാണ് നിലവിൽ ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നത്. ഇറാന്റെ തുറമുഖങ്ങൾക്ക് എതിരെയുള്ള അമേരിക്കയുടെ ഉപരോധം പിൻവലിക്കണമെന്നും അതിന് പകരമായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകാമെന്ന ഒരു താൽക്കാലിക കരാറിന് തയ്യാറാണെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.
എന്നാൽ, ഉപരോധം അവസാനിപ്പിക്കുന്നത് സംബന്ധിച്ചോ മേഖലയിലെ വലിയ സംഘർഷങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ചോ ഇരുരാജ്യങ്ങളും ഇതുവരെ ധാരണയിൽ എത്തിയില്ല.
മൂന്ന് നിർദ്ദേശങ്ങൾ കൈമാറി ഇറാൻ, പ്രതികരിക്കാതെ യുഎസ്
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശത്തിൽ പ്രതികരിക്കാതെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കുക, യുദ്ധം അവസാനിപ്പിക്കുക, ആണവ ചർച്ചകൾ മാറ്റിവയ്‌ക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ഇറാൻ മുന്നോട്ടു വച്ചിരിക്കുന്നത്.
സുരക്ഷാ ഉദ്യോഗസ്‌ഥരുമായി ട്രംപ് കൂടിയാലോചന നടത്തുകയാണെന്നാണ് വിവരം. ആണവപദ്ധതി സംബന്ധിച്ച നിർദ്ദേശത്തിൽ ഒന്നും പറയാത്തതിൽ ട്രംപ് അതൃപ്‌തി പ്രകടിപ്പിച്ചതായി യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഉപരോധം പിൻവലിച്ചാൽ ഹോർമുസ് ഉടൻ തുറക്കാമെന്നും ആണവ വിഷയം പിന്നീട് ചർച്ച ചെയ്യാമെന്നുമാണ് ഇറാന്റെ പുതിയ നിർദ്ദേശം.
പ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് വാണിജ്യാവശ്യങ്ങൾക്കായി തുറന്നുകൊടുക്കാൻ സന്നദ്ധരാണെന്നാണ് ഇറാൻ അമേരിക്കയെ അറിയിച്ചത്. യുറേനിയം സമ്പുഷ്‌ടീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പിന്നീട് മതിയെന്നും പാക്കിസ്‌ഥാന്റെ മധ്യസ്‌ഥതയിൽ ഇറാൻ അമേരിക്കയെ അറിയിച്ചു.
Most Read| സംസ്‌ഥാനത്ത് മിൽമ പാലിന് വില കൂടും; ലിറ്ററിന് നാലുരൂപ വർധിച്ചേക്കും







































