ന്യൂയോർക്ക്: യുഎസിലെ നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 49 പേർക്ക് ജീവൻ നഷ്ടമായി. കാറുകൾ ഒഴുക്കി പോവുകയും, ന്യൂയോർക്ക് സിറ്റി സബ്വേ ലൈനുകൾ വെള്ളത്തിനടിയിലാവുകയും, വിമാനങ്ങളെ ഉൾപ്പെടെ വെള്ളപ്പൊക്കം ബാധിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവാനിയ, കണക്റ്റിക്കട്ട് എന്നിവിടങ്ങളിൽ താമസിക്കുന്ന നിരവധി പേർ വെള്ളപ്പൊക്കത്തിൽ കുടുങ്ങി കിടക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് വൈദ്യുതി തടസപ്പെടുകയും, വീടുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്ത സാഹചര്യമാണുള്ളത്. ന്യൂയോർക്ക് സിറ്റിയിൽ മാത്രം കുറഞ്ഞത് 13 പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നേരത്തെ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ന്യൂജേഴ്സി, ന്യൂയോർക്ക് സംസ്ഥാനങ്ങളിൽ അടിയന്തിരാവസ്ഥ നിലനിൽക്കുന്നതായി പ്രഖ്യാപിക്കുകയും, ഐഡ ചുഴലിക്കാറ്റിന്റെ ഫലമായി ഉണ്ടായ മിന്നൽ പ്രളയത്തിൽ വലയുന്ന പ്രാദേശിക ഭരണകൂടങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചു നൽകണമെന്നും ഉത്തരവിട്ടിരുന്നു.
Read Also: അഫ്ഗാനിൽ വനിതാ ജഡ്ജിമാർ വേട്ടയാടപ്പെടുന്നു; വീടുകയറി താലിബാൻ ഭീഷണി