ന്യൂഡെൽഹി: വ്യാജ വാർത്തകളും ഇന്ത്യാ വിരുദ്ധ ഉള്ളടക്കവും പോസ്‌റ്റ് ചെയ്‌തതിന് 18 ഇന്ത്യൻ യൂട്യൂബ് ചാനലുകൾക്കും പാകിസ്‌ഥാൻ ആസ്‌ഥാനമായുള്ള നാല് യൂട്യൂബ് ചാനലുകൾക്കും വിലക്ക് ഏർപ്പെടുത്തി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്‌റ്റിംഗ് മന്ത്രാലയം (ഐ ആൻഡ് ബി). പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ ഈ യൂട്യൂബ് ചാനലുകൾ ടിവി ന്യൂസ് ചാനലുകളുടെ ലോഗോകളും തെറ്റായ ലഘുചിത്രങ്ങളും ഉപയോഗിച്ചതായി മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.
2021ലെ ഐടി റൂൾസിന് കീഴിലുള്ള അടിയന്തര അധികാരങ്ങൾ മന്ത്രാലയം ഉപയോഗപ്പെടുത്തി, 22 യൂട്യൂബ് അധിഷ്‌ഠിത വാർത്താ ചാനലുകൾ, മൂന്ന് ട്വിറ്റർ അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാർത്താ വെബ്‌സൈറ്റ് എന്നിവ ബ്ളോക്ക് ചെയ്യാൻ തീരുമാനിച്ചതായി ഏപ്രിൽ 4ന് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നു.
ബ്ളോക്ക് ചെയ്‌ത യൂട്യൂബ് ചാനലുകൾക്ക് 260 കോടിയിലധികം വ്യൂവർഷിപ്പ് ഉണ്ടെന്നും ദേശീയ സുരക്ഷ, ഇന്ത്യയുടെ വിദേശ ബന്ധം, ക്രമസമാധാനം എന്നീ വിഷയങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ ഏകോപിപ്പിക്കാനും ഉപയോഗിച്ചതായി മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ സായുധ സേന, ജമ്മു കശ്‌മീർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വ്യാജ വാർത്തകൾ പോസ്‌റ്റ് ചെയ്യാൻ ഈ യൂട്യൂബ് ചാനലുകൾ ഉപയോഗിച്ചിരുന്നതായും പാകിസ്‌ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന ഒന്നിലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഇന്ത്യാ വിരുദ്ധ ഉള്ളടക്കങ്ങൾ പങ്കിടുന്നതായും മന്ത്രാലയം അറിയിച്ചു.
Most Read: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വിവിധ ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യത