തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
ഇടിയോടു കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത ഉള്ളതിനാൽ മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, കേരള-കർണാടക-ലക്ഷ്വദീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് തടസമില്ല.
സംസ്‌ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. നാളയോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീട് ഇത് ന്യൂനമർദ്ദമായി മാറും. ഇതിന്റെ ഫലമായി ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ട്.
Most Read: സോളാർ കേസ്; എംഎൽഎ ഹോസ്‌റ്റലിലെ സിബിഐ പരിശോധന പൂർത്തിയായി