ടോക്യോ: ഇന്ത്യയുടെ വനിതാ ടേബിൾ ടെന്നീസ് താരം ഭവിന പട്ടേൽ പാരാലിമ്പിക്സ് ഫൈനലിൽ പ്രവേശിച്ചു. ക്ളാസ് ഫോർ വനിതാ ടേബിൾ ടെന്നീസ് സെമിയിൽ ചൈനയുടെ ലോക മൂന്നാം നമ്പർ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് ഭവിനയുടെ ഫൈനൽ പ്രവേശനം.
അഞ്ച് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിന് ഒടുവിലായിരുന്നു നേട്ടം. 7- 11, 11- 7, 11- 4, 9- 11, 11- 8 എന്നിങ്ങനെയാണ് സ്കോർ. 34 മിനിറ്റ് നീണ്ട മൽസരത്തിലാണ് ചൈനീസ് താരത്തെ ഭവിന മറികടന്നത്. റിയോ പാരാലിമ്പിക്സിലെ വെള്ളിമെഡൽ ജേതാവ് കൂടിയാണ് ഷാങ് മിയാവോ.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം പാരാലിമ്പിക്സ് ഫൈനലിൽ പ്രവേശിക്കുന്നത്. ഈ നേട്ടത്തോടെ മെഡൽ ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ആദ്യ സെറ്റ് നഷ്ടപ്പെട്ട ഭവിന രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കി. എന്നാൽ, നാലാം സെറ്റിൽ ചൈനീസ് താരം തിരിച്ചടിച്ചതോടെ മൽസരം അഞ്ചാം സെറ്റിലേക്ക് നീങ്ങി. അഞ്ചാം സെറ്റിലാണ് ഷാങ് മിയാവോയെ കീഴടക്കി ഭവിന ചരിത്രം കുറിച്ചത്.
Also Read: ‘ഓപറേഷൻ’ വിജയം; മൈസൂരു പീഡനക്കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ