കുസാറ്റ് ദുരന്തം; മരിച്ചവരുടെ പോസ്‌റ്റുമോർട്ടം ഇന്ന്- അന്വേഷണം പ്രഖ്യാപിച്ചു

കുസാറ്റിലെ സ്‌കൂൾ ഓഫ് എൻജിനിയറിങ് വിഭാഗത്തിലെ വിദ്യാർഥികളായ അതുൽ തമ്പി, ആൻ റിഫ്‌ത റോയ്, സാറാ തോമസ്, ഇലക്ട്രീഷ്യനായ ആൽബിൻ ജോസ് എന്നിവരാണ് മരിച്ചത്.

By Trainee Reporter, Malabar News
Cusat accident
Ajwa Travels

കൊച്ചി: കളമശേരി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്‌റ്റിനിടെ ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംഭവത്തിൽ വൈസ് ചാൻസലോരോടും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു റിപ്പോർട് തേടി. സംഭവത്തിൽ കളമശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

പരിക്കേറ്റവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. മരിച്ച നാലുപേരുടെയും പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. ഉച്ചയോടെ മൃതദേഹങ്ങൾ വിട്ടുനൽകും. തുടർന്ന് കുസാറ്റ് ക്യാമ്പസിൽ പൊതുദർശനമുണ്ടാകും.

കുസാറ്റിലെ സ്‌കൂൾ ഓഫ് എൻജിനിയറിങ് വിഭാഗത്തിലെ വിദ്യാർഥികളായ കൂത്താട്ടുകുളം കിഴക്കൊമ്പ് കൊച്ചുപാറയിൽ കെഎം തമ്പിയുടെ മകൻ അതുൽ തമ്പി (21), പറവൂർ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടിൽ കെജി റോയിയുടെ മകൾ ആൻ റിഫ്‌ത റോയ് (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നിൽ താമസിക്കുന്ന വയലപ്പള്ളിൽ തോമസ് സ്‌കറിയയുടെ മകൾ സാറാ തോമസ് (20), ഇലക്ട്രീഷ്യനായ പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പിൽ ജോസഫിന്റെ മകൻ ആൽബിൻ ജോസ് (23) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ 68 പേർക്ക് പരിക്കേറ്റിരുന്നു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. ഗുരുതര നിലയിലുള്ള രണ്ടുപേർ കളമശേരി മെഡിക്കൽ കോളേജിലും രണ്ടുപേർ ആസ്‌റ്റർ മെഡിസിറ്റിയിലും ചികിൽസയിലാണ്. 46 പേരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും 16 പേരെ പത്തടിപ്പാലം കിൻഡർ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് ആറേമുക്കാലിനാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

ക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളക്കിടെയാണ് സംഭവം. സ്‌കൂൾ ഓഫ് എൻജിനിയറിങ് ആണ് പരിപാടി സംഘടിപ്പിച്ചത്. മഴ പെയ്‌തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി. ഇതിനിടെ, തിരക്കിൽപ്പെട്ടു പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു. ടെക് ഫെസ്‌റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്നലെ. പ്രശസ്‌ത ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയാണ് ഏഴുമണിക്ക് തുടങ്ങാനിരുന്നത്.

ഇതിനായി സംഘാടക സമിതി നൽകിയ കറുത്ത ടീഷർട്ടിട്ട കുറച്ചുപേരെ ഓഡിറ്റോറിയത്തിനകത്ത് പ്രവേശിപ്പിച്ചിരുന്നു. ധാരാളം വിദ്യാർഥികൾ ഈ സമയം പുറത്തു തടിച്ചുകൂടി. ഇതിനിടെ മഴ പെയ്‌തതോടെ വിദ്യാർഥികളുടെ തള്ളലിൽ ഗേറ്റ് തുറന്നപ്പോൾ പലരും വീണു. ഗേറ്റ് തുറക്കുന്നത് താഴേക്ക് കുത്തനെയുള്ള പടികളിലേക്കായതിനാൽ തിക്കിലും തിരക്കിലും കൂടുതൽ പേർ വീണു. ചവിട്ടി പിന്നിലുള്ളവരും വീണതോടെ സ്‌ഥിതി ഗുരുതരമായി. തലയിടിച്ചാണ് പലരും വീണത്.

ദുഃഖസൂചകമായി ഇന്ന് നവകേരള സദസിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും മന്ത്രിമാരായപി രാജീവും ആർ ബിന്ദുവും സംഭവ സ്‌ഥലത്തുണ്ട്‌. കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കാൻ ആരോഗ്യവകുപ്പ് ഡയറക്‌ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്കും നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് ആവശ്യമായ ചികിൽസ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുംനിർദ്ദേശിച്ചു.

Most Read| കേന്ദ്ര ഫണ്ട് സംബന്ധിച്ച് കേരളത്തിൽ തെറ്റായ പ്രചാരണം; ആഞ്ഞടിച്ചു നിർമല സീതാരാമൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE