കൊച്ചി: കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ നഷ്‌ടമായത് വിലപ്പെട്ട ജീവനുകളെന്ന് ഹൈക്കോടതി. അപകടം വേദനിപ്പിക്കുന്നതെങ്കിലും അതിന്റെ പേരിൽ വിദ്യാർഥികളെ കുറ്റപ്പെടുത്തരുതെന്നും കോടതി വ്യക്‌തമാക്കി. അപകടത്തിൽ ആരെയും കുറ്റപ്പെടുത്താൻ കോടതി താൽപ്പര്യപ്പെടുന്നില്ല. ഏതെങ്കിലും വിദ്യാർഥികളെ ഇതിന്റെ പേരിൽ പഴിചാരാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി അറിയിച്ചു.
കുസാറ്റ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു കെഎസ്‌യു നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഇടപെടൽ. സർക്കാരിനോടും സർവകലാശാല അധികൃതരോടും നിലവിലെ അന്വേഷണം സംബന്ധിച്ച് റിപ്പോർട് നൽകാൻ കോടതി നിർദ്ദേശം നൽകി. ഹരജി പരിഗണിക്കുന്നത് കോടതി അടുത്ത വ്യാഴാഴ്‌ചത്തേക്ക് മാറ്റി.
കേരളത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്‌ത്തിയ കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ ഹൈക്കോടതിയെ സമീപിച്ചത്. കുസാറ്റ് ക്യാമ്പസിൽ ഗാനമേളക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ടു വിദ്യാർഥികൾ ഉൾപ്പടെ നാലുപേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ നടക്കുന്ന അന്വേഷണം തൃപ്‌തികരമല്ലെന്നും കെഎസ്‌യു ആരോപിക്കുന്നു.
കുറ്റക്കാരായ രജിസ്‌ട്രാർ, യൂത്ത് വെൽഫെയർ ഡയറക്‌ടർ, സെക്യൂരിറ്റി ഓഫീസർ എന്നിവർക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. വിഷയത്തിൽ പ്രാധാന്യം കണക്കിലെടുക്കാതെ വിദ്യാർഥികളാണ് അപകടത്തിന് ഉത്തരവാദികൾ എന്ന മുൻവിധിയോടെ വാർത്താക്കുറിപ്പ് പോലും ഇറക്കുന്ന സാഹചര്യം യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നും കെഎസ്‌യു ചൂണ്ടിക്കാട്ടിയിരുന്നു.
Most Read| വായ്‌പാ തട്ടിപ്പ്; ഹീരാ ഗ്രൂപ്പ് എംഡിയെ ഇഡി അറസ്‌റ്റ് ചെയ്‌തു