കൊച്ചി: കളമശേരി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്‌റ്റിനിടെ ഉണ്ടായ അപകടത്തിൽ നാലുപേർ മരിച്ച സംഭവത്തിൽ സ്‌കൂൾ ഓഫ് എൻജിനിയറിങ് പ്രിൻസിപ്പലിനെ മാറ്റി. രജിസ്‌ട്രാർക്ക് പ്രിൻസിപ്പൽ നൽകിയ കത്ത് പുറത്തായതിന് പിന്നാലെയാണ് നടപടി. സംഗീത നിശയ്ക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ടു നൽകിയ കത്താണ് പുറത്തായത്. ഡോ. ദീപക് കുമാർ സാഹുവിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി മാറ്റിയത്.
അപകടം സംബന്ധിച്ച അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്നും വെള്ളിയാഴ്‌ച റിപ്പോർട് നൽകുമെന്നും വിസി അറിയിച്ചു. അതേസമയം, സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സുരക്ഷാ വീഴ്‌ചയടക്കം പരിശോധിച്ചു വിശദീകരണം നൽകാൻ ആലുവ റൂറൽ എസ്‌പിക്കും കൊച്ചി സർവകലാശാല രജിസ്‌ട്രാർക്കും കമ്മീഷൻ അംഗം വികെ ബീനാകുമാരി നിർദ്ദേശം നൽകി.
കുസാറ്റിൽ നാല് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നിൽ സർവകലാശാലയുടെ വീഴ്‌ചയെന്നാണ് ഉയരുന്ന ആരോപണം. പരിപാടിക്ക് രേഖാമൂലം സംരക്ഷണം തേടിയിരുന്നില്ലെന്ന് പോലീസ് തുടക്കത്തിൽ തന്നെ വ്യക്‌തമാക്കിയിരുന്നു. എന്നാൽ, സുരക്ഷയൊരുക്കണമെന്നും, പോലീസ് സംരക്ഷണം ആവശ്യപ്പെട്ടും പരിപാടി സംഘടിപ്പിച്ച സ്‌കൂൾ സ്‌കൂൾ ഓഫ് എൻജിനിയറിങ് പ്രിൻസിപ്പൽ രജിസ്‌ട്രാർക്ക് കത്ത് നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. പരിപാടിയുടെ ഒന്നാം ദിവസമായ നവംബർ 24നാണ് കത്ത് നൽകിയത്.
കുസാറ്റിലെ സെക്യൂരിറ്റി ഓഫീസർക്കും കത്തിന്റെ പകർപ്പുണ്ട്. ഈ കത്തിൻമേൽ തുടർനടപടി ഉണ്ടായിട്ടില്ല എന്നാണ് പോലീസിന്റെ പ്രതികരണത്തിൽ നിന്നും വ്യക്‌തമാകുന്നത്. അതുകൊണ്ടുതന്നെ ഈ കത്തിൻമേൽ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലായെന്ന് ഇനി വ്യക്‌തമാക്കേണ്ടത് രജിസ്‌ട്രാർ ആണ്. എന്നാൽ, വിഷയത്തിൽ പ്രതികരണത്തിന് വൈസ് ചാൻസലറോ രജിസ്ട്രാറോ തയ്യാറായിട്ടില്ല.
ശനിയാഴ്‌ച വൈകിട്ട് ആറേമുക്കാലിനാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളക്കിടെയാണ് സംഭവം. മഴ പെയ്‌തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി. ഇതിനിടെ, തിരക്കിൽപ്പെട്ടു പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു.
കുസാറ്റിലെ സ്‌കൂൾ ഓഫ് എൻജിനിയറിങ് വിഭാഗത്തിലെ വിദ്യാർഥികളായ കൂത്താട്ടുകുളം കിഴക്കൊമ്പ് കൊച്ചുപാറയിൽ കെഎം തമ്പിയുടെ മകൻ അതുൽ തമ്പി (21), പറവൂർ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടിൽ കെജി റോയിയുടെ മകൾ ആൻ റിഫ്‌ത റോയ് (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നിൽ താമസിക്കുന്ന വയലപ്പള്ളിൽ തോമസ് സ്‌കറിയയുടെ മകൾ സാറാ തോമസ് (20), ഇലക്‌ട്രീഷ്യനായ പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പിൽ ജോസഫിന്റെ മകൻ ആൽബിൻ ജോസ് (23) എന്നിവരാണ് മരിച്ചത്.
Most Read| രക്ഷാ ദൗത്യത്തിൽ നേരിയ പ്രതീക്ഷ; ഡ്രില്ലിങ് യന്ത്രം എടുത്തുമാറ്റിയെന്ന് മുഖ്യമന്ത്രി