തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ 11 വർഷത്തിന് ശേഷം വിചാരണ നടപടികൾ ആരംഭിക്കുന്നു. നവംബർ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കേസിന്റെ വിചാരണ ആരംഭിക്കും. കേസിലെ പ്രതികൾ സുപ്രീം കോടതി വരെ നടത്തിയ നിയമപോരാട്ടങ്ങൾക്ക് ഒടുവിലാണ് കേസ് ഇപ്പോൾ വിചാരണ ഘട്ടത്തിലേക്ക് എത്തിനിൽക്കുന്നത്.
ആദ്യദിനം കേസിലെ ഒന്നാം സാക്ഷിയും മുൻ നിയമസഭാ സെക്രട്ടറിയുമായ ശാരംഗധരനെ കോടതി വിസ്‌തരിക്കും. മുൻ എംഎൽഎമാരായ വി ശിവൻകുട്ടി, ഇപി ജയരാജൻ, കെടി ജലീൽ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സികെ സദാശിവൻ എന്നിവരാണ് മ്യൂസിയം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലെ പ്രധാന പ്രതികൾ.
2015 മാർച്ച് 13നായിരുന്നു സംഭവം. അന്നത്തെ ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ആയിരുന്നു നിയമസഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും നടക്കേടുണ്ടാക്കിയ കയ്യാങ്കളി നടന്നത്. സ്‌പീക്കറുടെ വേദിയിൽ അതിക്രമിച്ചു കയറി കസേര, കമ്പ്യൂട്ടറുകൾ, മൈക്ക്, ഇലക്‌ട്രോണിക് പാനലുകൾ എന്നിവ തകർത്ത് 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്.
എൽഡിഎഫ് ഭരണത്തിലിരിക്കെ കേസ് പിൻവലിക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹരജികൾ തള്ളിയിരുന്നു. തുടർന്ന് 2021 ജൂലൈയിൽ സുപ്രീം കോടതിയും കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപ്പീൽ തള്ളിയിരുന്നു. ക്രൈം ബ്രാഞ്ച് ആണ് തുടരന്വേഷണം പൂർത്തിയാക്കി 81 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചത്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം



































