തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ കിട്ടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
തിരുവനന്തപുരത്ത് കനത്ത മഴ തുടരുകയാണ്. 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കടലാക്രമണ സാധ്യത ഉള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരത്ത് മൽസ്യബന്ധത്തിന് വിലക്കേർപ്പെടുത്തി. തെക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. റായലസീമ മുതൽ കോമോറിൻ തീരം വരെ ന്യൂനമർദ്ദപാത്തി സജീവമാണ്.
ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. ഇടുക്കിയിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ടാണ്. വയനാട്ടിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. ഇന്നലെ വൈകിട്ട് ചൂരൽമല, മുണ്ടക്കൈ മേഖലയിൽ കനത്ത മഴ പെയ്തതോടെ 83 പേരെ മാറ്റിപ്പാർപ്പിച്ചു.
Most Read| പൂരം നടത്തിപ്പ്; തൃശൂരിൽ പ്രത്യേക യോഗം വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി