തൃശൂർ: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കളക്‌ട്രേറ്റിൽ നാളെ രാവിലെ പത്തിനാണ് യോഗം. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ജില്ലാ കളക്‌ടർ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ, പൂരവുമായി ബന്ധപ്പെട്ട മറ്റു ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
വെടിക്കെട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണ പ്രശ്‌നങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് യോഗം. ജനങ്ങളോട് കൂടുതൽ സഹകരിച്ച് അടുത്ത തവണ തൃശൂർ പൂരം നടത്താനുള്ള തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. കേന്ദ്രസർക്കാർ ഉദ്യോഗസ്‌ഥരും പങ്കെടുക്കും. അടുത്ത വർഷത്തെ പൂരത്തിൽ ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് തൃശൂർ എംപി കൂടിയായ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നത്.
പോലീസ് കമ്മീഷണർ അങ്കിത് അശോകന്റെ ഇടപെടലിൽ ഇത്തവണ പൂരം അലങ്കോലമായിരുന്നു. രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെക്കാൻ തീരുമാനിച്ചു. പൂരപ്പറമ്പിലെ ലൈറ്റുകൾ അണച്ച് പ്രതിഷേധിച്ചിരുന്നു. തൃശൂർ പൂരം അട്ടിമറിക്കപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കുന്നതിനും പ്രതിസന്ധികളെ കുറിച്ച് പഠിച്ച് പരിഹാരം നിർദ്ദേശിക്കാനുമായി ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ കമ്മീഷനെയും നിയോഗിച്ചിരുന്നു.
Most Read| വ്യാജ പരസ്യങ്ങളിൽ താക്കീത്; പതഞ്‌ജലിക്കെതിരായ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി