ന്യൂഡെൽഹി: കൊല്ലം തുറമുഖത്തെ അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്‌റ്റായി (ഐസിപി) കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. എല്ലാ വിഭാഗത്തിലുമുള്ള യാത്രക്കാർക്കും അംഗീകൃത തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കി രാജ്യത്തിന് അകത്തേക്കും പുറത്തേക്കും കൊല്ലം തുറമുഖം വഴി സഞ്ചരിക്കാനാകും.
ഫോറിനേഴ്‌സ് റീജണൽ രജിസ്ട്രേഷൻ ഓഫീസർക്കാണ് ഇമിഗ്രേഷൻ ചെക്ക് പോസ്‌റ്റിന്റെ ചുമതല. ഇത് സംബന്ധിച്ചുള്ള പ്രത്യേക ഉത്തരവും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. പുതിയ അംഗീകാരത്തോടെ രാജ്യാന്തര കപ്പൽ ഗതാഗതത്തിൽ കൊല്ലം ശ്രദ്ധേയ ഇടമായി മാറും. ആവശ്യമായ എല്ലാ അടിസ്‌ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. ചരക്ക് കപ്പലുകൾക്കും യാത്രാ കപ്പലുകൾക്കുമായി രണ്ട് വാർഫ് ഉണ്ട്.
178 മീറ്റർ ആണ് ചരക്ക് കപ്പലുകൾക്കുള്ള ബർത്ത്. യാത്രാ കപ്പൽ അടുക്കുന്നതിനുള്ള വാർഫിന് 101 മീറ്റർ നീളമുണ്ട്. യാത്രാക്കപ്പൽ അടുക്കുന്ന വാർഫ് 175 മീറ്ററായി വർധിപ്പിക്കാനും ഒമ്പത് മീറ്റർ ഡ്രാഫ്റ്റ് യാനങ്ങൾ അടുക്കാനുള്ള സൗകര്യം ഒരുക്കാനും ലക്ഷ്യമുണ്ട്. 7.5 മീറ്റർ വരെ ആഴമുണ്ട്. 6000 മുതൽ 7000 വരെ ടൺ ഭാരവുമായി എത്തുന്ന കപ്പലുകൾക്ക് അടുക്കാൻ കഴിയും.
ചരക്കുകൾ ഇറക്കുന്നതിനും കയറ്റുന്നതിനുമായി 40 അടി കണ്ടെയ്‌നർ ഹാൻഡ്‌ലിങ് ക്രയിനിന് പുറമെ അഞ്ച് ടൺ മൊബൈൽ ക്രയിനും ഉണ്ട്. ഫോർക്ക് ലിഫ്റ്റ്, വെയ്‌റ്റിങ് മെഷീൻ വെസൽ, ട്രാഫിക് മോണിറ്റർ സിസ്‌റ്റം എന്നീ സൗകര്യങ്ങളും ലഭ്യമാണ്. എൻകെ പ്രേമചന്ദ്രൻ എംപിയുടെ ശ്രമഫലമായാണ് തുറമുഖത്ത് ഇമിഗ്രേഷൻ ചെക്ക് പോസ്‌റ്റ് അനുവദിച്ചത്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!