കോഴിക്കോട്: ജില്ലയിൽ മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്‌റ്റിൽ. കോഴിക്കോട് വെള്ളയില്‍ സ്വദേശിനി കമറുന്നീസയെയാണ് കുന്ദമംഗലം എക്‌സൈസ് ഇൻസ്‌പെക്‌ടർ മനോജ് പടിക്കത്തും സംഘവും അറസ്‌റ്റ് ചെയ്‌തത്. കുന്ദമംഗലം-കോട്ടാം പറമ്പ്-മുണ്ടിക്കല്‍ താഴം എന്നീ ഭാഗങ്ങളില്‍ കുന്ദമംഗലം എക്‌സൈസും കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്‌തമായി നടത്തിയ റെയ്‌ഡിലാണ് കഞ്ചാവ് പിടികൂടിയത്.
കോഴിക്കോട്-കുന്ദമംഗലം ഭാഗങ്ങളിലെ മയക്കുമരുന്നു വിൽപന ശൃംഖലയിലെ പ്രധാന കണ്ണിയാണ് കമറുന്നീസ. ചെറുകിട കച്ചവടക്കാര്‍ക്ക് ആവശ്യമുള്ള കഞ്ചാവ് എത്തിച്ചു കൊടുക്കലാണ് ഇവർ ചെയ്‌തിരുന്നത്. മുമ്പ് ലഹരി കേസില്‍ 8 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതാണ് കമറുന്നീസ.
ഇവർ പ്രധാനമായും കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് പറഞ്ഞു. പ്രിവന്റീവ് ഓഫിസർമാരായ വിപി ശിവദാസന്‍, യുപി മനോജ്, സിവില്‍ എക്‌സൈസ് ഓഫിസർമാരായ അര്‍ജുന്‍ വൈശാഖ്, അജിത്ത് പി, അര്‍ജുന്‍ കെ, വനിത സിവില്‍ എക്‌സൈസ് ഓഫിസർമാരായ മഞ്‌ജുള എന്‍, ലതമോള്‍ കെഎസ്, എക്‌സൈസ് ഡ്രൈവര്‍ കെജെ എഡിസണ്‍ എന്നിവര്‍ റെയ്‌ഡിൽ പങ്കെടുത്തു.
Most Read: ഹജ്‌ജ് തീർഥാടനം; ഇത്തവണയും കരിപ്പൂരിൽ നിന്നും വിമാനമില്ല