കോഴിക്കോട്: ഇത്തവണയും രാജ്യത്തെ ഹജ്‌ജ് എംബാർക്കേഷൻ കേന്ദ്രങ്ങളിൽ കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തെ ഉൾപ്പെടുത്തിയില്ല. മലബാർ മേഖലയിൽ നിന്നും നിരവധി ആളുകൾ ഹജ്‌ജിന് അപേക്ഷിക്കുന്നതിനാൽ കരിപ്പൂർ വിമാനത്താവളത്തെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്‌തമായിരുന്നു. എന്നാൽ ഈ ആവശ്യം ഇത്തവണയും പരിഗണിച്ചില്ല. കൊച്ചി വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് ഹജ്‌ജ് തീർഥാടനത്തിന് അനുമതിയുള്ളത്.
അതേസമയം രാജ്യത്ത് ഹജ്‌ജ് തീർഥാടനത്തിനുള്ള മാർഗരേഖ കേന്ദ്രവിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ജനുവരി 31ആം തീയതി വരെയാണ് ഹജ്‌ജ് തീർഥാടത്തിന് അപേക്ഷിക്കാൻ അവസരം. അപേക്ഷകൾ പൂർണമായും ഡിജിറ്റലാണ്. മൊബൈൽ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാൻ സാധിക്കുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇത്തവണയും പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഹജ്‌ജ് തീർഥാടനം നടത്തുന്നത്. 2 ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രമാണ് ഇത്തവണയും ഹജ്‌ജിന് പ്രവേശന അനുമതി നൽകുന്നത്. എന്നാൽ ഇത്തവണ സ്‌ഥിതി നിയന്ത്രണ വിധേയമായതിനാൽ കഴിഞ്ഞ തവണത്തേത് പോലെ ബുദ്ധിമുട്ടേറിയ സാഹചര്യമുണ്ടാകില്ലെന്നാണ് ഹജ്‌ജ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
Read also: കളിസ്‌ഥലം സംരക്ഷിക്കണം; സമരം ശക്‌തമാക്കാൻ തീരുമാനം