കോഴിക്കോട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സിലെ കളിസ്‌ഥലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്‌തമാക്കാൻ തീരുമാനം. കുട്ടികൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കളിസ്‌ഥലം ഡിടിപിസിയുടെ നേതൃത്വത്തിൽ പാർക്കിങ് സ്‌ഥലമാക്കി മാറ്റാനുള്ള ശ്രമത്തിന് എതിരെ പ്രദേശവാസികളെ സംഘടിപ്പിച്ച് എല്ലാ രാഷ്‌ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ആർഡിഒ ഓഫിസിന് മുന്നിൽ ധർണ നടത്താനാണ് സമര സമിതിയുടെ തീരുമാനം.
കളക്‌ടറുടെ നിർദ്ദേശ പ്രകാരം ആർഡിഒ വിളിച്ച യോഗത്തിൽ കളിസ്‌ഥലം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിരുന്നില്ല. കളിസ്‌ഥലം സംരക്ഷിക്കണമെന്നും പൊതുനിരത്തിൽ ഉൾപ്പടെ അനധികൃതമായി ഏർപ്പെടുത്തിയ പാർക്കിങ് ഫീസ് പിൻവലിക്കണമെന്നുമുള്ള ആവശ്യത്തിൽ ഉറച്ചു നിന്നതോടെ തീരുമാനം കളക്‌ടർക്ക് വിട്ട് യോഗം പിരിയുകയായിരുന്നു.
ഇതിനിടെ സാൻഡ് ബാങ്ക്സ് ഉൾക്കൊള്ളുന്ന അഴിത്തല വാർഡ് കൗൺസിലർ പിവി ഹാഷിം നൽകിയ നിവേദനത്തിൽ കെ മുരളീധരൻ എംപി നടപടി ആവശ്യപ്പെട്ട് കളക്‌ടർക്ക് നൽകി.
4 തീരദേശ വാർഡുകളിലെ സ്‌കൂളിലെയും മറ്റും കുട്ടികൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കളിസ്‌ഥലം ഡിടിപിസിയുടെ നേതൃത്വത്തിൽ പാർക്കിങ് സ്‌ഥലമാക്കി മാറ്റാനുള്ള ശ്രമം തടയണം, നാലര പതിറ്റാണ്ടായി ഉപയോഗിക്കുന്ന കളിസ്‌ഥലം മിനി സ്‌റ്റേഡിയമാക്കി സഞ്ചാരികൾക്കും പ്രദേശവാസികൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ സംരക്ഷിക്കണം എന്നിവയാണ് നിവേദനത്തിലെ ആവശ്യം.
Most Read: പേരാവൂർ ചിട്ടി തട്ടിപ്പ്; സഹകരണ വകുപ്പ് അന്വേഷണ റിപ്പോർട് സമർപ്പിച്ചു