കണ്ണൂർ: പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പ് സംബന്ധിച്ച് അന്വേഷിച്ച സഹകരണ വകുപ്പ് റിപ്പോർട് സമർപ്പിച്ചു. സൊസൈറ്റിയിൽ കോടികളുടെ ചിട്ടി തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് ജോ.രജിസ്ട്രാർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വ്യാജ രസീതുകളും വൗച്ചറുകളും ഹാജരാക്കി സെക്രട്ടറി നടത്തിയ ഇടപാടുകൾ, മതിയായ ഈടില്ലാതെ നൽകിയ വായ്‌പകൾ എന്നിവയടക്കം കോടികളുടെ ക്രമക്കേടുകളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
അന്വേഷണത്തിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ ചിട്ടി തട്ടിപ്പിൽ പോലീസ് അന്വേഷണവും സൊസൈറ്റിയുടെ ബാഗ് നിർമാണ യൂണിറ്റിനെ കുറിച്ച് വാണിജ്യ വകുപ്പിന്റെ അന്വേഷണവും സഹകരണ വകുപ്പിന്റെ തന്നെ ഉന്നതതല അന്വേഷണവും റിപ്പോർട്ടിൽ ആവശ്യപെടുന്നുണ്ട്. കൂടാതെ, സൊസൈറ്റിക്ക് നഷ്‌ടപെട്ട പണം സെക്രട്ടറി പിവി ഹരിദാസ്, മുൻ ഭരണസമിതി അംഗങ്ങൾ എന്നിവരിൽ നിന്ന് ഈടാക്കണമെന്നും റിപ്പോർട് ആവശ്യപെടുന്നു.
സഹകരണ നിയമം വകുപ്പ് 66 പ്രകാരം ഇരിട്ടി അസി. രജിസ്ട്രാർ കെ പ്രദോഷ് കുമാർ, പേരാവൂർ യൂണിറ്റ് ഇൻസ്‌പെക്‌ടർ കെ സമീറ, മട്ടന്നൂർ യൂണിറ്റ് ഇൻസ്‌പെക്‌ടർ ടി രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഒന്നര മാസത്തെ അന്വേഷണത്തിന്റെ 38 പേജുകൾ അടങ്ങുന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്.
Most Read: കുരുന്നുകൾ സ്‌കൂളിലേക്ക്; സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി