കോഴിക്കോട്: 2018ലെ മഹാപ്രളയ ബാധിതർക്കുള്ള ഫണ്ട് വിതരണത്തിൽ കോഴിക്കോട് താലൂക്കിൽ നടന്ന തട്ടിപ്പ് സംബന്ധിച്ച റിപ്പോർട് പഠിക്കാൻ പുതിയ കമ്മിറ്റിയെ നിയോഗിച്ച് ജില്ലാ കളക്‌ടർ. തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച സീനിയർ ഫിനാൻസ് ഓഫിസർ റിപ്പോർട് സമർപ്പിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട് പഠിക്കാനാണ് കളക്‌ടർ പുതുതായി ഒരു കമ്മിറ്റിയെ നിയോഗിച്ചത്. എഡിഎം അധ്യക്ഷനായ കമ്മിറ്റിയെയാണ് പുതുതായി നിയോഗിച്ചത്. ഫണ്ട് വിതരണത്തിൽ ഉദ്യോഗസ്‌ഥർ ബോധപൂർവം വീഴ്‌ച വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് കമ്മിറ്റിയുടെ ചുമതല.
അതേസമയം, ഫണ്ട് വിതരണത്തിൽ ക്രമക്കേട് നടത്തിയ ഒരു ഉദ്യോഗസ്‌ഥനെ നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. 2018 ലെ പ്രളയ ഫണ്ട് വിതരണത്തിൽ വ്യാപക ക്രമക്കേട് നടന്നെന്ന പരാതിയെ തുടർന്ന് ചീഫ് ഫിനാൻസ് ഓഫിസർ അന്വേഷണം നടത്തിയിരുന്നു. ഫണ്ട് വിതരണത്തിൽ ഗുരുതര അനാസ്‌ഥ സംഭവിച്ചെന്നാണ് സീനിയർ ഫിനാൻസ് ഓഫിസറുടെ റിപ്പോർട്ടിൽ പറയുന്നത്. രണ്ടും മൂന്നും നാലും തവണ വരെ അടിയന്തിര ധനസഹായ തുക ഒരേ അകൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. 53 ലക്ഷം രൂപ ഈയിനത്തിൽ നഷ്‌ടപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കോഴിക്കോട് കളക്‌ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് ഉമാകാന്തൻ ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയത് 97,600 രൂപയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് എഴുതവണയായി 43,400 രൂപയും സംസ്‌ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 9 തവണയായി 34,200 രൂപയും ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് കൂടാതെ, ഒരേ അക്കൗണ്ടിലേക്ക് പലതവണയായി 20,000 രൂപയും അയച്ചിട്ടുണ്ട്. ഉമാകാന്തൻ ഇപ്പോൾ സസ്‌പെൻഷനിൽ ആണ്. പലർക്കും സഹായം കിട്ടാനുള്ളപ്പോൾ ട്രഷറിയിൽ 1.17 കോടി രൂപ വിതരണം ചെയ്യാതെ കെട്ടികിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Most Read: സ്‌കൂൾ തുറക്കൽ; തദ്ദേശ സ്‌ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം