തിരുവനന്തപുരം: സ്‌കൂളുകൾ തുറക്കുമ്പോൾ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ എല്ലാ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും ജാഗ്രതയോടെ ഇടപെടലുകൾ നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്റെ നിർദ്ദേശം. തദ്ദേശ സ്‌ഥാപനങ്ങൾ നേരത്തെ തന്നെ സ്‌കൂൾ തലത്തിൽ ആസൂത്രണം നടത്തി മുന്നൊരുക്കങ്ങൾ കൈക്കൊണ്ടിരുന്നു. കുട്ടികൾക്ക് സുരക്ഷാ ഒരുക്കാനെടുത്ത തീരുമാനങ്ങളെല്ലാം സമയബന്ധിതമായി നടപ്പിലാക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും തയ്യാറാവണമെന്ന് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇത്തരം മഹാമാരിയെ പ്രതിരോധിച്ചുകൊണ്ട് അധ്യയനം നടത്തിയ മുൻപരിചയം നമുക്കില്ല. ഈ സാഹചര്യം മനസിലാക്കിയാവണം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ കുട്ടികൾക്കായുള്ള സുരക്ഷാ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകേണ്ടതെന്നും മന്ത്രി പറഞ്ഞു. വാക്‌സിൻ എടുക്കാൻ മടി കാണിക്കുന്നവരുണ്ടെങ്കിൽ ബോധവൽകരണം നടത്തി വാക്‌സിനേഷന് വിധേയരാക്കണം. രോഗലക്ഷണമുള്ളവരെ തിരിച്ചറിഞ്ഞാൽ അവർക്ക് അനിയോജ്യമായ ഇതര അക്കാദമിക പദ്ധതികൾ നടപ്പിലാക്കാനുള്ള സൗകര്യം ഒരുക്കാനും സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ സ്‌കൂളുകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും തദ്ദേശ സ്‌ഥാപനങ്ങൾ തയ്യാറാവണമെന്നും മന്ത്രി വ്യക്‌തമാക്കി.
അതേസമയം, സംസ്‌ഥാനത്തെ സ്‌ഥിതി മാറുകയാണെന്നും കൂടുതൽ ഇളവുകൾ നൽകാൻ പ്രാപ്‌തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിൽ സംസ്‌ഥാനത്ത് കോവിഡ് പുതിയ കേസുകളുടെയും ചികിൽസയിലുള്ള രോഗികളുടെയും എണ്ണം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മികച്ച ജാഗ്രത പുലർത്തിക്കൊണ്ട് വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്‌ളാസുകളും 10, 12 ക്‌ളാസുകളും നവംബർ ഒന്ന് മുതലും ബാക്കിയുള്ള ക്‌ളാസുകൾ നവംബർ 15 മുതലും ആരംഭിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read: സംസ്‌ഥാനത്തെ സ്‌ഥിതി മാറുന്നു, കൂടുതൽ ഇളവുകൾ നൽകാൻ പ്രാപ്‌തം; മുഖ്യമന്ത്രി