കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ അറ്റകുറ്റപണികൾ നടത്തി ബലപ്പെടുത്താൻ തീരുമാനം. ഇതിനായി ടെർമിനൽ ആറുമാസത്തേക്ക് അടച്ചിടും. മൊഫ്യൂസിൽ ബസ് സ്‌റ്റാൻഡിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് മാറ്റാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് എത്രയും പെട്ടെന്ന് യോഗം വിളിക്കാൻ ഗതാഗതവകുപ്പ് മന്ത്രി കളക്‌ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരട്ട ടെർമിനലിന്റെ ബലക്ഷയം പരിഹരിക്കാതെ അവിടെ നിന്ന് ബസ് സർവീസ് പോലും നടത്താൻ കഴിയില്ലെന്നായിരുന്നു ചെന്നൈ ഐഐടി സംഘത്തിന്റെ പഠന റിപ്പോർട്.
ആവശ്യത്തിന് കമ്പി ഉപയോഗിക്കാതെയാണ് ടെർമിനലിലെ 20 ശതമാനം തൂണുകളും നിർമിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. നിർമാണത്തിന് മേൽനോട്ടം വഹിച്ച ചീഫ് എഞ്ചിനിയറെയും രൂപകൽപന ചെയ്‌ത ആർക്കിടെക്‌ടിനെയും അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ ഗതാഗതമന്ത്രി ആന്റണി രാജു നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, പാർക്കിങ്ങും അറ്റകുറ്റപ്പണിയും നടക്കാവിലെ റീജണൽ ഷോപ്പിലേക്ക് മറ്റും.
2015ൽ ഉൽഘാടനം ചെയ്‌ത ടെർമിനൽ ഓഗസ്‌റ്റിലാണ് 17 കോടി നിക്ഷേപത്തിലും പ്രതിമാസം 43 ലക്ഷം വാടകയ്‌ക്കുമായി ആലിഫ് ബിൽഡേഴ്‌സിന് കൈമാറിയത്. ആലിഫ് ബിൽഡേഴ്‌സിൽ നിന്ന് വാങ്ങിയ 17 കോടിക്ക് പുറമെ 13 കോടി രൂപ കൂടി കെട്ടിടം ബലപ്പെടുത്താൻ കെടിഡിഎഫ്‌സി മുടക്കണം. ആദ്യം തൂണുകൾക്ക് ചുറ്റും കോൺക്രീറ്റ് ചെയ്‌ത് ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. അപ്പോൾ തൂണുകൾക്ക് വീതി കൂടും. ഇത് ഭാവിയിൽ ബസ് സർവീസിന്റെ സൗകര്യത്തെ ബാധിക്കുമെന്ന് കെടിഡിഎഫ്‌സി ചെയർമാൻ ബിജു പ്രഭാകർ പറഞ്ഞു.
2015ലാണ് കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം നിർമിക്കുന്നത്. 76 കോടി രൂപ ചിലവിൽ കെടിഡിസിയാണ് സമുച്ചയം പണിതത്. ബൃഹത്തായ കെട്ടിടത്തിൽ പല മുറികളും വാടകയ്‌ക്ക് കൊടുക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ, സമുച്ചയം പൂർത്തിയായതിന് പിന്നാലെ നിർമാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്നു വന്നത്. ഇതേ തുടർന്നാണ് വിശദമായ പഠനം നടത്തിയത്. പഠന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഗതാഗതമന്ത്രി അടിയന്തര ഇടപെടൽ നടത്തിയത്. കെട്ടിടം ഒരുമാസത്തിനകം ഒഴിപ്പിക്കും. തുടർന്ന് ബലപ്പെടുത്തലിനുള്ള നിർമാണ പ്രവൃത്തികൾക്കായി പുതിയ ടെണ്ടർ വിളിക്കും.
Most Read: കരുവന്നൂർ സഹകരണ ബാങ്ക്; 150 കോടിയുടെ സഹായം നൽകണമെന്ന് ശുപാർശ