കാസർഗോഡ്: ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്ന പരാതിയുമായി നിക്ഷേപകർ രംഗത്ത്. കാസർഗോഡ് ജില്ലയിലെ ദേലംപാടി സർവീസ് സഹകരണ ബാങ്കിനെതിരെയാണ് നിക്ഷേപകർ രംഗത്തെത്തിയിരിക്കുന്നത്. പണം തിരികെ ലഭിക്കാതായതോടെ നിക്ഷേപകർ സഹകരണ വകുപ്പ് മന്ത്രിയുടേതടക്കം ഇടപെടൽ തേടുകയാണ്. അതേസമയം, ബാങ്ക് നഷ്‌ടത്തിലായതോടെയാണ് പണം തിരികെ കൊടുക്കാനുള്ള പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് നിലവിൽ നഷ്‌ടത്തിലൂടെയാണ് കടന്നുപ്പോകുന്നത്. 2019-20 വർഷത്തെ ഓഡിറ്റ് റിപ്പോർട് പ്രകാരം മൂന്ന് കോടി നാൽപ്പത് ലക്ഷം രൂപയുടെ നഷ്‌ടത്തിലാണ് ബാങ്കുള്ളത്. വായ്‌പാ കുടിശ്ശികകൾ കുമിഞ്ഞു കൂടിയതോടെയാണ് ബാങ്ക് കോടികളുടെ നഷ്‌ടത്തിലേക്ക് കൂപ്പുകുത്തിയത്. രണ്ടുകോടി 36 ലക്ഷം രൂപയുടെ വ്യക്‌തിഗത നിക്ഷേപമാണ് ബാങ്കിൽ ഉള്ളത്. സ്‌ഥിര നിക്ഷേപത്തിന്റെ കാലാവധി കഴിഞ്ഞവർക്കും അക്കൗണ്ടിൽ ചെറിയ തുകകൾ നിക്ഷേപിച്ചവർക്കുമാണ് പണം ലഭിക്കാനുള്ളത്.
ഇടാപാടുകാർ നിക്ഷേപിച്ച തുകയ്‌ക്ക് പുറമെ കേരള ബാക് മുള്ളേരിയ ശാഖയിലും ലക്ഷങ്ങളുടെ വായ്‌പാ ബാധ്യത ദേലംപാടി സർവീസ് സഹകരണ ബാങ്കിനുണ്ട്. നിലവിൽ അംഗങ്ങൾക്ക് വായ്‌പ നൽകിയ ഒരു കോടിയോളം രൂപ മാത്രമാണ് ബാങ്കിന് ആസ്‌തിയുള്ളത്. വായ്‌പ മുഴുവൻ തിരിച്ചുപിടിച്ചാലും നിക്ഷേപകരുടെ ബാധ്യത തീർക്കാൻ ബാങ്കിന് കഴിയില്ല. വിഷയത്തിൽ നിക്ഷേപകർ സഹകരണ വകുപ്പ് മന്ത്രിയുടെ ഇടപെടൽ ആവശ്യമാണെന്നാണ് നിക്ഷേപകർ പറയുന്നത്.
Most Read: കുറയാതെ ഇന്ധനവില; ഡീസൽ സെഞ്ചുറിയിലേക്ക് കുതിക്കുന്നു