ജാഗ്രതക്കുറവ് കോവിഡ് കേസുകൾ കൂട്ടി, പരിശോധന വർധിപ്പിക്കും; നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി

By Desk Reporter, Malabar News
Covid-Test
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന കൂട്ടാനും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും സർക്കാർ തീരുമാനം. നിയന്ത്രണങ്ങളിലെ ഇളവ് രോഗം വ്യാപിക്കാൻ കാരണമായെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. പ്രതിദിന കോവിഡ് പരിശോധന ഒരു ലക്ഷം ആക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.

നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സ്‌ഥിതി ഗുരുതരമാകും. പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശാരീരിക അകലവും മാസ്‌ക്കും നിര്‍ബന്ധമാക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പോലീസിനെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായി.

കണ്ടെയ്ൻമെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ആള്‍ക്കൂട്ടമുണ്ടാകുന്ന സ്‌ഥലങ്ങളില്‍ കോവിഡ് വ്യാപനം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. പ്രത്യേക മേഖലകളില്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റുകൾ വര്‍ധിപ്പിക്കും.

അതേസമയം, 56 ശതമാനം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകള്‍ക്ക് അകത്തുനിന്നു തന്നെയാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനം വ്യക്‌തമാക്കുന്നു. രോഗവുമായി പുറത്തുനിന്നു വരുന്നവരാണ് വീട്ടില്‍ കഴിയുന്നവര്‍ക്ക് രോഗം നല്‍കുന്നത്.

20 ശതമാനം പേര്‍ക്ക് രോഗം പകരുന്നത് മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, റസ്‌റ്റോറണ്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നും യോഗ സ്‌ഥലങ്ങളില്‍ നിന്നുമാണ്. 20 ശതമാനത്തോളം പേര്‍ക്കാണ് തൊഴിലിടങ്ങളില്‍ നിന്ന് രോഗം പടരുന്നത്. രോഗബാധിതരാകുന്ന 65 ശതമാനം പേർ സാമൂഹിക അകലം പാലിക്കാത്തവരും 45 ശതമാനം മാസ്‌ക് ധരിക്കാത്തവരുമാണ്.

Also Read:  ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 11,115 ആരോഗ്യ പ്രവര്‍ത്തകര്‍

രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്ന് 30 ശതമാനത്തോളം പേര്‍ക്ക് രോഗം പകരുന്നുണ്ട്. കുട്ടികളില്‍ 5 ശതമാനം പേര്‍ക്ക് വിദ്യാലയങ്ങളില്‍ നിന്ന് രോഗം പകരുന്നു. എന്നാല്‍ 47 ശതമാനം കുട്ടികള്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്നു തന്നെയാണ്. ഈ സാഹചര്യത്തിൽ നിയന്ത്രങ്ങൾ കർശനമായി പാലിക്കണം. വിവാഹ ചടങ്ങുകളിൽ ഒരു കാരണവശാലും നൂറിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടെസ്‌റ്റുകളിൽ 75 ശതമാനം ആര്‍ടിപിസിആര്‍ പരിശോധന ആയിരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍, കശുവണ്ടി ഫാക്‌ടറി പോലെ തൊഴിലാളികള്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങള്‍, വയോജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാവരേയും കോവിഡ് ടെസ്‌റ്റിന്‌ വിധേയരാകണം. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിനുള്ള സമിതികള്‍ വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:  കോവിഡ് മാർഗരേഖ പുതുക്കി കേന്ദ്രം; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE