ലോക പ്രശസ്‌ത ഇറ്റാലിയൻ ആഡംബര സ്‌പോർട്‌സ്‌കാർ ലംബോർഗിനി ഇനി തിരൂരിനും സ്വന്തം. അബുദാബിയിലെ വ്യവസായിയും തിരൂർ തുവ്വക്കാട്, നെല്ലാപറമ്പ് സ്വദേശിയുമായ തുപ്പത്ത് റഫീഖാണ് തന്റെ ലംബോർഗിനിയെ വിമാനം വഴി നാട്ടിലെത്തിച്ചത്.
ലംബോർഗിനിയുടെ ഹുറാകാൻ എന്ന ബ്രാൻഡാണ് റഫീഖിനുള്ളത്. ഇന്ത്യയിലിത് റോഡിലിറങ്ങുമ്പോൾ അഞ്ചുകോടിക്ക് മുകളിൽ ചെലവ് വരും. ഒരു ഇടത്തരം കാർ വാങ്ങാനുള്ള 10 ലക്ഷം രൂപയോളം ചെലവഴിച്ചാണ് നെടുമ്പാശേരി വിമാനത്താവളം വഴി ലംബോർഗിനിയെ ഇദ്ദേഹം നടത്തിലെത്തിച്ചത്. നെടുമ്പാശേരി വിമാനത്താവളം രൂപം കൊണ്ട് 22 വർഷം ആയെങ്കിലും ആദ്യമായാണ് ഒരു കാർ ഇതുവഴി വരുന്നത്. സാധാരണ കപ്പൽ വഴിയാണ് ഇത്തരം വാഹനങ്ങൾ എത്തിക്കാറുള്ളത്.
കസ്‌റ്റംസിന്റെ ‘കാർ നെറ്റ്’ എന്ന പുതിയ സംവിധാനമാണ് ഇതിന് ഉപയോഗിച്ചത്. 6 മാസം ഇവിടെ ഓടിക്കാം. അതിനു ശേഷം പത്തുലക്ഷം രൂപയോളം ചെലവഴിച്ച് തിരിച്ച് അബുദാബിയിലേക്ക് കൊണ്ടു പോകണം. കേരളത്തിൽ പ്രൃഥ്വിരാജ് ഉൾപ്പടെ 23 പേരുടെ കൈവശമാണ് ലംബോർഗിനിയുള്ളത്. ഇറ്റാലിയൻ സ്വദേശി ഫെറൂസിയോ ലംബോർഗിനി 1963ൽ നിർമിച്ച് വിതരണം ആരംഭിച്ച കാറാണ് ലംബോർഗിനി.
ഇദ്ദേഹത്തിന്റെ പേരിലെ അവസാന ഭാഗമാണ് കാറിന് നൽകിയിരിക്കുന്ന പേരും. 1993ൽ സ്‌ഥാപകൻ മരണപ്പെട്ടതിനെ തുടർന്ന് 1998ൽ വോക്‌സ് വാഗൺ ഗ്രൂപ്പ് ലംബോർഗിനി ഏറ്റെടുത്തു. നിലവിൽ ലംബോർഗിനിയുടെ ആസ്‌ഥാനം ഇറ്റലിയിലെ ബൊളോണ ആണ്.
ട്രാക്‌ടർ നിർമാണത്തിൽ നിന്നാരംഭിച്ച് വാഹനങ്ങൾക്കായുള്ള ഹീറ്റർ, എയർ കണ്ടീഷനിംഗ് സിസ്‌റ്റം എന്നിവയും രൂപകൽപ്പന ചെയ്‌തു കൊണ്ട് ജീവിതം ആരംഭിച്ച ഫെറൂസിയോ ലംബോർഗിനി 1963ലാണ് ആഡംബര സ്‌പോർട്‌സ്‌കാർ നിർമാണം ആരംഭിക്കുന്നത്. ഇന്ന് ലോകത്തെ ഒന്നാംകിട സ്‌പോർട്‌സ് കാർ നിർമാതാക്കളിൽ ഒന്നാണ് ലംബോർഗിനി.
Most Read: മാന്യമല്ലാത്ത പെരുമാറ്റം; കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ