ന്യൂഡെൽഹി: 2019ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാറിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക്ക് അധിനിവേശ കശ്മീരിലെ മുസഫറാബാദിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് വിവരം. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
‘ഡോക്ടർ’ എന്നറിയപ്പെടുന്ന ഹംസ ബുർഹാന് മുസഫറാബാദിൽ വച്ചുനടന്ന ആക്രമണത്തിൽ ഒന്നിലധികം വെടിയുണ്ടകൾ ഏറ്റുവെന്നാണ് റിപ്പോർട്. ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ ഇയാളുടെ യഥാർഥ പേര് അർജുമന്ദ് ഗുൽസാർ ദാർ എന്നാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആരാണ് ആക്രമണത്തിന് പിന്നിലെന്നോ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്നോ ഉള്ള കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നുംതന്നെ പുറത്തുവന്നിട്ടില്ല. മേഖലയിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.
2019ലെ പുൽവാമ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. 2022ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുർഹാനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ വാണ്ടഡ് പട്ടികയിൽപ്പെട്ട നിരവധി ഭീകരർ പാക്കിസ്ഥാനിൽ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Most Read| കുഴഞ്ഞുവീണ സ്കൂട്ടർ യാത്രക്കാരന് പുതുജീവനേകി നഴ്സ് സിനിമോൾ





































