തിരുവനന്തപുരം: സേലത്ത് വൻ സ്‌പിരിറ്റ് വേട്ട. കേരളത്തിലേക്ക് കടത്താനിരുന്ന 10850 ലിറ്റർ സ്‌പിരിറ്റ് പിടിച്ചെടുത്തു. സേലം ശ്രീനായിക്കാംപെട്ടിയിലെ സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സ്‌പിരിറ്റ് പാലക്കാട് എക്‌സൈസ് ഇന്റലിജൻസും എക്‌സൈസ് എൻഫോഴ്‌സും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്.
സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരശ് എന്നിവരും ഇവരുടെ സഹായിയുമാണ് അറസ്‌റ്റിലായത്. സ്‌പിരിറ്റ് സൂക്ഷിച്ചിരുന്ന ഗോഡൗൺ തിരുവനന്തപുരം സ്വദേശിയുടേതാണെന്നാണ് സൂചന. ഗോഡൗണിൽ 310 കന്നാസുകളിലായാണ് സ്‌പിരിറ്റ് സൂക്ഷിച്ചിരുന്നത് . കേരളത്തിലേക്ക് സ്‌പിരിറ്റ് കൊണ്ടുവരുന്നതിനു ഉപയോഗിക്കുന്ന ഇടത്താവളമാണ് ഈ ഗോഡൗണെന്നാണ് എക്‌സൈസിന്റെ നിഗമനം. പ്രതികളെ ചോദ്യം ചെയ്‌തു വരികയാണ്.
കേരളത്തിൽ ആർക്ക് സ്‌പിരിറ്റ് എത്തിക്കാനാണ് സംഘം പദ്ധതിയിട്ടിരിക്കുന്നത് എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അസിസ്‌റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്‌ടർ പിസി സെന്തിലിന്റെ നേതൃത്യത്തിലുള്ള സംഘമാണ് റെയ്‌ഡ് നടത്തിയത്.
Also Read: യുപി തിരഞ്ഞെടുപ്പ്; കർഷകരെ ‘ചാക്കിട്ടു പിടിക്കാൻ’ യോഗിയുടെ പ്രഖ്യാപനങ്ങൾ