കൽപ്പറ്റ: ആരോഗ്യ വിഭാഗം നടത്തിയ ജീവിത ശൈലീ രോഗ നിർണയത്തിൽ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് വയനാട് ജില്ലയിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ജില്ലയിൽ 6.18 ശതമാനം പേർക്ക് (26,604) കാൻസർ രോഗലക്ഷണം ഉള്ളതായി കണ്ടെത്തി. 20.85 ശതമാനം പേർ (89,753) ഏതെങ്കിലുമൊരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്‌റ്റർ ഗ്രൂപ്പിലാണ്.
11.80 ശതമാനം പേർക്ക് (50,805) രക്‌ത സമ്മർദ്ദവും 6.59 ശതമാനം പേർക്ക്(13,620) പ്രമേഹവും 3.16 ശതമാനം പേർക്ക് ഇവ രണ്ടും ഉള്ളതായി കണ്ടെത്തി. ജില്ലയിൽ 30 വയസിന് മുകളിലുള്ള 4,38,581 ജനസംഖ്യയിൽ 4,30,318 പേരെയും സ്‌ക്രീനിങ്ങിന് വിധേയമാക്കി. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ള റിസ്‌ക് വിഭാഗത്തിൽ സംസ്‌ഥാന ശരാശരിയേക്കാൾ മുന്നിലാണ് വയനാട്.
19.13 ശതമാനം പേരാണ് സംസ്‌ഥാനത്ത് റിസ്‌ക് ഗ്രൂപ്പിലുള്ളത്. സംസ്‌ഥാനത്ത് ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നടപ്പിലാക്കിയ ‘അൽപ്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് സ്‌ക്രീനിങ് നടത്തിയത്. ഇ-ഹെൽത്ത് രൂപകൽപ്പന ചെയ്‌ത ശൈലീ ആപ്പിന്റെ സഹായത്തോടെ ആരോഗ്യ പ്രവർത്തകർ നേരിട്ട് വീട്ടിലെത്തിയാണ് സ്‌ക്രീനിങ് നടത്തിയത്.
ജീവിതശൈലീ രോഗങ്ങളും കാൻസറും നേരത്തെ തന്നെ കണ്ടുപിടിച്ചു ചികിൽസിക്കുന്നത് വഴി രോഗം സങ്കീർണമാകാതെ ചികിൽസിപ്പിച്ചു ഭേദമാക്കാൻ കഴിയും. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സ്‌ക്രീനിങ് നടന്ന് വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാവർക്കും കാൻസർ ചികിൽസ ഉറപ്പുവരുത്തുന്നതിന് കാൻസർ ഗ്രിഡിന്റെ മാപ്പിങ് സംസ്‌ഥാനത്തുടനീളം നടപ്പിലാക്കി വരുന്നുണ്ട്.
അതേസമയം, ഗുരുതര ആരോഗ്യപ്രശ്‌നം ഉള്ളവരുണ്ടെങ്കിൽ ഇത്തരം രോഗങ്ങൾക്ക് ചികിൽസ നൽകാനുള്ള സംവിധാനങ്ങൾ ഇന്നും വയനാട് ജില്ലയ്‌ക്ക് അന്യമാണ്. വയനാട് മെഡിക്കൽ കോളേജ് പ്രഖ്യാപനം കഴിഞ്ഞു വർഷങ്ങൾ പിന്നിട്ടിട്ടും നിർമാണ പ്രവൃത്തി ആരംഭിക്കാനായിട്ടില്ല. മെഡിക്കൽ കോളേജ് എവിടെ നിർമിക്കണമെന്ന കാര്യത്തിലുള്ള തർക്കം മാസങ്ങൾക്ക് മുമ്പാണ് അവസാനിച്ചത്. നിലവിൽ മാനന്തവാടിക്ക് അടുത്തുള്ള ബോയ്‌സ് ടൗണിൽ മെഡിക്കൽ കോളേജ് നിർമിക്കാനാണ് സർക്കാരിന്റെ തീരുമാനം.
Most Read: സാമ്പത്തിക ആരോപണം; ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്‌ഥാനം ഒഴിഞ്ഞേക്കും