സാമ്പത്തിക ആരോപണം; ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്‌ഥാനം ഒഴിഞ്ഞേക്കും

തെറ്റ് തിരുത്തലിൽ വിട്ടു വീഴ്‌ച ഇല്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. ഇപി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം നടത്തി നടപടി എടുക്കാനാണ് സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നീക്കം. വെള്ളിയാഴ്‌ച ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റിൽ വിഷയം ചർച്ച ചെയ്യും

By Trainee Reporter, Malabar News
EP Jayarajan
Ajwa Travels

തിരുവനന്തപുരം: സാമ്പത്തിക ആരോപണത്തിൽ സമ്മർദ്ദത്തിലായി ഇപി ജയരാജൻ. അതേസമയം, ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്‌ഥാനം ഒഴിഞ്ഞേക്കും. സിപിഐഎം നേതൃത്വത്തെ സന്നദ്ധത അറിയിച്ചു. വെള്ളിയാഴ്‌ച നടക്കുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ഇപി ജയരാജൻ പങ്കെടുക്കില്ല. സാമ്പത്തിക ആരോപണം ഉയരുന്നതിന് പിന്നാലെയാണ് നീക്കം.

എന്നാൽ, ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇപി ജയരാജൻ പദവികൾ ഒഴിയാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം വിഷയം ചർച്ച ചെയ്യാനിരിക്കെയാണ് ഇപിയുടെ നീക്കം. അടുത്ത നേതാക്കളെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

എംവി ഗോവിന്ദൻ സംസ്‌ഥാന സെക്രട്ടറിയായി വന്നതിന് ശേഷമാണ് ഇപി ജയരാജൻ പാർട്ടിയുടെ പ്രധാനപ്പെട്ട പരിപാടികളിൽ നിന്നും സജീവ രാഷ്‌ട്രീയത്തിൽ നിന്നും മാറി നിൽക്കുന്ന സമീപനം സ്വീകരിച്ചു തുടങ്ങിയത്. കോടിയേരി ബാലകൃഷ്‌ണന്റെ മരണശേഷം പാർട്ടി സംസ്‌ഥാന സെക്രട്ടറി പദം ആഗ്രഹിച്ച ഇപി, അത് കിട്ടാതായതോടെ നേതൃത്വവുമായി പിണങ്ങിയിരുന്നു.

എംവി ഗോവിന്ദൻ തന്നെക്കാൾ ജൂനിയർ ആണെന്നും അങ്ങനെയൊരാൾ നയിക്കുന്ന കമ്മിറ്റിയിലേക്ക് താനില്ലെന്നും ഇപി ചിലരോട് പറഞ്ഞിരുന്നതായാണ് വിവരം. ഇത് പിണറായി വിജയനടക്കമുള്ള നേതാക്കളെ ചൊടിപ്പിച്ചു. മുഖ്യമന്ത്രി ചില അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും അത് ഫലവത്തായില്ല. ഇതിന് പിന്നാലെയാണ് നേരത്തെ തന്നെ പല നേതാക്കൾക്കും അറിയാമായിരുന്ന റിസോർട്ട് വിഷയം തെറ്റ് തിരുത്തൽരേഖാ ചർച്ചയുടെ ഭാഗമായി ഉയർന്നു വന്നത്.

കണ്ണൂരിൽ 30 കോടി രൂപ മുടക്കി നിർമിക്കുന്ന റിസോർട്ടിന് പിന്നിൽ ഇപി ജയരാജനാണെന്ന ഗുരുതരമായ ആരോപണമാണ് പി ജയരാജൻ ഉന്നയിച്ചിരിക്കുന്നത്. ഇപി ജയരാജനും ഭാര്യയും മകനും ഡയറക്‌ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്നാണ് ആരോപണം. വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടിക്ക് അകത്ത് നടന്ന ചർച്ചകൾ പുറത്ത് പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു പി ജയരാജൻ പ്രതികരിച്ചത്.

അതിനിടെ, ആരോപണം നിഷേധിച്ചു ഇപി ജയരാജൻ രംഗത്തെത്തുകയും ചെയ്‌തു. കണ്ണൂർ മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം. തലശേരി സ്വദേശി കെപി രമേശ് കുമാറാണ് റിസോർട് ഉടമയെന്നായിരുന്നു ഇപി പറഞ്ഞത്. എന്നാൽ, ഈ വാദങ്ങൾ പൊളിയുന്ന വിധത്തിലുള്ള രേഖകൾ പിന്നീട് പുറത്തുവന്നിരുന്നു. ഇപി ജയരാജന്റെ മകൻ ജെയ്‌സൺ റിസോർട്ടിന്റെ സ്‌ഥാപക ഡയറക്‌ടർ ആണെന്നു തെളിയിക്കുന്ന കമ്പനി രജിസ്‌ട്രേഷൻ രേഖകളാണ് പുറത്തുവന്നത്.

ഇപിയുടെ മകൻ പികെ ജെയ്‌സൺ വ്യവസായി കെപി രമേശ് കുമാർ എന്നിവർ ചേർന്നുള്ള സംരംഭമാണ് ഇതെന്ന് വ്യക്‌തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്. 2014ൽ രജിസ്‌റ്റർ ചെയ്യുമ്പോൾ ഈ രണ്ടുപേർ മാത്രമാണ് കമ്പനിയുടെ ഡയറക്‌ടർമാരായിരുന്നത്. റിസോർട്ടിന്റെ ഡയറക്‌ടർ ബോർഡിൽ ജയരാജന്റെ ഭാര്യ ഇന്ദിര അംഗമായത് 2021ൽ ആണ്. ഇതുൾപ്പെടുന്ന കമ്പനികാര്യ മന്ത്രാലയത്തിന് സമർപ്പിച്ച രേഖകളാണ് പുറത്തുവന്നത്.

അതേസമയം, തെറ്റ് തിരുത്തലിൽ വിട്ടു വീഴ്‌ച ഇല്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. ഇപി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം നടത്തി നടപടി എടുക്കാനാണ് സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നീക്കം. വെള്ളിയാഴ്‌ച ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റിൽ വിഷയം ചർച്ച ചെയ്യും.

Most Read: പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടി മുഖ്യമന്ത്രി; ബഫർസോൺ ചർച്ചയായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE