ന്യൂഡെൽഹി: രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. കോവിഡ് രോഗ വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ തൊഴിൽ ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അതിഥി തൊഴിലാളികൾക്ക് സഹായം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.
ജോലിയോ പണമോ ഇല്ലാതെ കുടിയേറ്റക്കാർ ഈ പ്രതിസന്ധി എങ്ങനെ അതിജീവിക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു. തൽക്കാലത്തേക്ക് ചില ഉപജീവന മാർഗങ്ങൾ അവർക്ക് നൽകണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി.
ഡെൽഹിയിൽ തങ്ങുന്ന എല്ലാ അതിഥി തൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുകയും ഗ്രാമങ്ങളിലേക്ക് തിരിച്ച് പോകേണ്ടവർക്ക് വാഹന സൗകര്യം ഉറപ്പാക്കുകയും വേണം. ഡെൽഹി, ഹരിയാന, ഉത്തർപ്രദേശ്, ബീഹാർ ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
Read also: ബീഹാറില്‍ മെയ് 25 വരെ ലോക്ക്‌ഡൗൺ തുടരും