കോഴിക്കോട്: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് രാമനാട്ടുകരയില്‍ വ്യാപാരികളും സമരക്കാരും തമ്മില്‍ കയ്യാങ്കളി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹികളാണ് ഇന്ന് കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് രാവിലെ കടകള്‍ തുറക്കാനെത്തിയപ്പോള്‍ സമരാനുകൂലികള്‍ പ്രതിഷേധിക്കുകയും കടയടപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ഇതോടെ സ്‌ഥലത്ത് സംഘർഷാവസ്‌ഥ ഉണ്ടായി. കടകള്‍ തുറക്കണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് വ്യാപാരികള്‍. സമരക്കാരും വ്യാപാരികളും തമ്മില്‍ ഉന്തും തള്ളുമായതോടെ പോലീസ് എത്തി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
പണിമുടക്കിനോട് സഹകരിക്കാന്‍ കഴിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന പ്രസിഡണ്ട് പി കുഞ്ഞാവുഹാജി പറഞ്ഞു. കടകള്‍ തുറക്കുന്ന വ്യാപാരികള്‍ക്ക് പോലീസ് സംരക്ഷണം ഒരുക്കിയില്ലെങ്കിൽ സമിതി സംരക്ഷണം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. നഷ്‌ടം സംഭവിച്ചാല്‍ അത് സംഘടന ഏറ്റെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ ഇന്ന് ജോലിക്ക് പോകുമ്പോള്‍ വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്ന നിലപാടിലാണ് കട തുറക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. സംസ്‌ഥാനത്ത് പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വ്യപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
അതേസമയം, ദേശീയ പണിമുടക്കിനിടെ പ്രകോപനം ഉണ്ടാക്കിയിടങ്ങളിലാണ് ആക്രമ സംഭവങ്ങൾ നടന്നതെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ന്യായീകരിച്ചു. പ്രകോപനം ഉണ്ടാക്കാതിരിക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
പണിമുടക്കുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കോടിയേരി. പണിമുടക്കിനിടെ ഉണ്ടായ അക്രമ സംഭവങ്ങൾ, സമരക്കാർക്ക് മുമ്പിൽ കൂടി വാഹനമോടിച്ച് പ്രകോപനം ഉണ്ടാക്കിയ ഇടങ്ങളിൽ മാത്രമാണ്. ആളുകൾ അത്തരത്തിൽ പ്രകോപനപരമായ കാര്യങ്ങൾ സൃഷ്‌ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പണിമുടക്കിൽ മുൻകാലങ്ങളിലേക്കാൾ ആളുകളാണ് പങ്കെടുക്കുന്നത്. പണിമുടക്കി തൊഴിലാളികൾ വീട്ടിലിരിക്കുന്ന സ്‌ഥിതി മാറി.
തൊഴിലാളികൾ പൂർണമായും തെരുവിലിറങ്ങുന്ന സ്‌ഥിതിയാണുള്ളത്. ഇത് സമര രംഗത്ത് വന്ന വലിയ മാറ്റമാണെന്ന് കോടിയേരി പറഞ്ഞു. നിലവിൽ നടക്കുന്നത് സിഐടിയുവിന്റെ മാത്രം പണിമുടക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: പഞ്ചനക്ഷത്ര ഹോട്ടലിലെ രാജകീയ ജീവിതം; ലിലിബെറ്റ് ഒരു വിവിഐപി തന്നെ