മലപ്പുറം: മകനെ കണ്ടെത്തിയതിൽ സന്തോഷമെന്നും അവനെ കാണാനായി കാത്തിരിക്കുകയാണെന്നും വിഷ്‌ണുജിത്തിന്റെ പിതാവ് ശശിധരൻ. മകനെ കൂടുതൽ സമ്മർദ്ദത്തിലാക്കരുതെന്ന് മാത്രമാണ് അപേക്ഷയെന്നും പിതാവ് പറഞ്ഞു. മലപ്പുറം പള്ളിപ്പുറം കുറന്തല വീട്ടിൽ ശശീന്ദ്രന്റെ മകൻ വിഷ്‌ണുജിത്തിനെയാണ് (35) ആറ് ദിവസം മുൻപ് കാണാതായത്.
തുടർന്ന് നടത്തിയ അന്വേഷത്തിൽ യുവാവിനെ ഇന്ന് രാവിലെ ഊട്ടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എല്ലാം അവൻ മുൻകൈയെടുത്താണ് നടത്തിയത്. സാമ്പത്തിക പ്രയാസങ്ങൾ ഉള്ളതായി പറഞ്ഞിരുന്നില്ലെന്നും ശശിധരൻ പറഞ്ഞു. ആറ് ദിവസമായി നെഞ്ചിൽ തീയായിരുന്നുവെന്നും മകനെ കണ്ടെത്തിയെന്ന് അറിഞ്ഞപ്പോൾ സമാധാനമായെന്നും അമ്മ പറഞ്ഞു.
പോലീസ് സംഘം വിഷ്‌ണുവുമായി ഊട്ടിയിൽ നിന്ന് മലപ്പുറത്തേക്ക് തിരിച്ചു. വിഷ്‌ണുജിത്ത് സാമ്പത്തിക പ്രയാസം കാരണം മാറി നിന്നതാണെന്നാണ് സൂചന. വിഷ്‌ണുജിത്തിനെ മലപ്പുറത്ത് എത്തിച്ച ശേഷം കുടുംബത്തോടൊപ്പം വിട്ടയക്കും. വിവാഹത്തിന് മൂന്നുദിവസം മുൻപാണ് യുവാവിനെ കാണാതാകുന്നത്.
ഈ മാസം എട്ടിനായിരുന്നു മഞ്ചേരി സ്വദേശിനിയായ യുവതിയുമായി വിഷ്‌ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. നാലാം തീയതി രാത്രി മുതലാണ് വിഷ്‌ണുജിത്തിനെ കാണാതാകുന്നത്. വിവാഹ ആവശ്യത്തിനായുള്ള പണം സംഘടിപ്പിക്കാനായി പാലക്കാടേക്ക് പോവുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ വിഷ്‌ണുവിനെ പിന്നീട് കാണാതാവുകയായിരുന്നു.
അന്ന് മുതൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇതിനിടെ വിഷ്‌ണുജിത്ത് കോയമ്പത്തൂരിലേക്ക് പോകാൻ ബസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇന്നലെ രാത്രി സഹോദരി വിളിച്ചപ്പോൾ ഫോൺ അറ്റൻഡ് ചെയ്‌തെങ്കിലും ഒന്നും മിണ്ടിയില്ല. പരിശോധിച്ചപ്പോൾ ലൊക്കേഷൻ തമിഴ്‌നാട് കുനൂരിലാണെന്ന് കണ്ടെത്തി.
ഇതോടെ തമിഴ്‌നാട് പോലീസിലെ ഉന്നതരെ മലപ്പുറം എസ്‌പി ബന്ധപ്പെട്ടു. വിഷ്‌ണുജിത്തിനെ അന്വേഷിച്ചു തമിഴ്‌നാട്ടിലെത്തിയ മലപ്പുറം പോലീസിലെ രണ്ടു സംഘങ്ങൾ തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷത്തിൽ ഊട്ടിയിൽ വെച്ച് വിഷ്‌ണുജിത്തിനെ കണ്ടെത്തുകയായിരുന്നു.
Most Read| സമരം തുടരും; സുപ്രീം കോടതി നിർദ്ദേശം അംഗീകരിക്കില്ലെന്ന് ജൂനിയർ ഡോക്‌ടർമാർ