മുസ്‌ലിം ജമാഅത്ത് കൗൺസിൽ സംസ്‌ഥാന പ്രസിഡണ്ട് അന്തരിച്ചു

By News Desk, Malabar News
A.pookkunj passed away
A.Pookkunj
Ajwa Travels

ആലപ്പുഴ: ജമാഅത്ത് കൗൺസിൽ സംസ്‌ഥാന പ്രസിഡണ്ട് എ.പൂക്കുഞ്ഞ് (74) അന്തരിച്ചു. വൃക്ക, കരൾ രോഗങ്ങളെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചെ 3 മണിയോടെയായിരുന്നു അന്ത്യം.

ജമാഅത്ത് കൗൺസിൽ ജില്ലാ പ്രസിഡണ്ടായി സമുദായ രംഗത്ത് ഏറെ സജീവമായ വ്യക്‌തിയായിരുന്നു ഇദ്ദേഹം. ഏറെക്കാലം കൗൺസിലിന്റെ സംസ്‌ഥാന ജനറൽ സെക്രട്ടറിയായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കായംകുളം കൊറ്റുകുളങ്ങര വലിയ ചെങ്കിലാത്ത് പരേതരായ ഹസനാരുകുഞ്ഞിന്റെയും സൈനബ ഉമ്മയുടെയും മകനാണ്.

തിരുവനന്തപുരം ഗവ. ലോ കോളജിൽനിന്ന് എൽഎൽബിയും കോഴിക്കോട് ഗവ. ലോ കോളജിൽനിന്ന് എൽഎൽഎമ്മും നേടിയ ഇദ്ദേഹം കെ.എസ്.യുവിലൂടെയാണ് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്നത്. കോഴിക്കോട് കോടതിയിൽ അഭിഭാഷകനായി തുടക്കമിട്ട പിന്നീട് മാവേലിക്കര കോടതിയിലും ആലപ്പുഴ കോടതിയിലും അഭിഭാഷകനായി. രാഷ്‌ട്രീയത്തിലൂടെ തുടക്കമിട്ടെങ്കിലും സാമുദായിക വിഷയങ്ങളിലായിരുന്നു ഇദ്ദേഹം കൂടുതൽ ശ്രദ്ധ പുലർത്തിയിരുന്നത്.

ജമാഅത്ത് കൗൺസിൽ എന്ന സംഘടന ജീവശ്വാസമായി കൊണ്ടുനടന്ന ഇദ്ദേഹം മഹല്ലുകളുടെ ഏകോപനം ലക്ഷ്യമിട്ട് കൊണ്ടാണ് മുന്നോട്ട് നീങ്ങിയത്. മഹല്ലുകളുടെ പ്രവർത്തനം ചിട്ടപ്പെടുത്തുന്നതിന് വേണ്ടി നിയമാവലി തയാറാക്കാനാണ് ഒരു അഭിഭാഷകൻ എന്ന നിലയിലുള്ള തന്റെ കഴിവ് ഇദ്ദേഹം പ്രയോജനപ്പെടുത്തിയത്. തികഞ്ഞ മതവിശ്വാസിയും മതേതരവാദിയുമായിരുന്ന ഇദ്ദേഹം സ്വന്തം മതത്തിന് വേണ്ടി മാത്രമല്ല പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും രംഗത്തിറങ്ങിയിരുന്നു. പിന്നാക്ക സമുദായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശനും വി.ദിനകാരനുമൊപ്പം തോളോട് തോൾ ചേർന്ന് നിന്നാണ് ഇ ദ്ദേഹം പ്രവർത്തിച്ചത്.

സംസ്‌ഥാന വഖഫ് ബോർഡ് അംഗമെന്ന ചുമതല മാത്രമായിരുന്നു ഇദ്ദേഹം സ്വീകരിച്ച രാഷ്‌ട്രീയ പദവി. കെ.എസ്.യുവിൽ നിന്ന് രാഷ്‌ട്രീയം ആരംഭിച്ചെങ്കിലും പിന്നീട് മുസ്‌ലിം ലീഗ് എന്ന പ്രസ്‌ഥാനത്തിലേക്കാണ് പൂക്കുഞ്ഞ് നീങ്ങിയത്. പാർട്ടിയുടെ സംസ്‌ഥാന കമ്മിറ്റിയംഗമായി പ്രവർത്തിച്ചു. സോഷ്യലിസ്‌റ്റ് നേതാവും ജമാഅത്ത് പ്രസ്‌ഥാനത്തിന്റെ ആദ്യകാല സംഘാടകനുമായ എസ്.എം.നൂഹിനോടൊപ്പമാണ് ഇദ്ദേഹം സമുദായ സംഘടനാ രംഗത്ത് ചുവട് വെച്ചത്. ആലപ്പുഴ കിഴക്കേ ജമാഅത്തിനു (മസ്‍താൻ പള്ളി) നിയമാവലിയുണ്ടാക്കിയതിലും കേന്ദ്ര വഖഫ് ബോർഡിൽനിന്നു വായ്‌പ നേടി കെട്ടിട നിർമാണം നടത്തിയതും ആലപ്പുഴ നഗരത്തിലെ സമുദായ സംഘടനാ പ്രവർത്തകർ ഇന്നും ആദരവോടെ ഓർക്കുന്നുണ്ട്.

സംസ്‌ഥാന വഖഫ് ബോർഡ് അംഗം, ആലപ്പുഴ ജില്ലാ ഗവ. പ്‌ളീഡർ എന്നീ പദവികളും ഇദ്ദേഹം വഹിച്ചു.
ഭാര്യ: മെഹറുന്നിസ (യൂക്കോ ബാങ്ക് മുൻ മാനേജർ), മക്കൾ: അഡ്വ. വി.പി.ഉനൈസ് കുഞ്ഞ് (ആലപ്പുഴ ജില്ലാ കോടതി), അഡ്വ. വി.പി.ഉവൈസ് കുഞ്ഞ് (ബഹറൈൻ)

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE