‘എകെ മുസ്‌തഫ’ സാമൂഹ്യസേവന പ്രതിഭാ പുരസ്‌കാരം നജീബ് കുറ്റിപ്പുറത്തിന്

By Desk Reporter, Malabar News
AK MUSTHAFA AWARD
Ajwa Travels

പൊന്നാനി: പ്രഥമ ‘എകെ മുസ്‌തഫ’ സാമൂഹ്യസേവന പ്രതിഭാ പുരസ്‌കാരത്തിന് നജീബ് കുറ്റിപ്പുറം അർഹനായി. പൊന്നാനി സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിയുമായിരുന്ന എകെ മുസ്‌തഫയുടെ സ്‌മരണാർഥം നൽകുന്നതാണ് പുരസ്‌കാരം.

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ട്രഷററായിരുന്ന എകെ മുസ്‌തഫ 2019 ഡിസംബര്‍ 31നാണ് മരണമടഞ്ഞത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനാവസാനം സിവി ജംഗ്ഷനില്‍ നടന്ന പൊതുയോഗ വേദിയില്‍ വെച്ചാണ് ഹൃദയാഘാതം മൂലം ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

പുരസ്‌കാരത്തിന് അർഹനായ നജീബ് കുറ്റിപ്പുറം ഒത്തിരിപേരുടെ കണ്ണീരൊപ്പുകയും ഒട്ടേറെപ്പേർക്ക് തലചായ്‌ക്കാൻ ഒരിടം ഉണ്ടാക്കിനൽകുകയും ചെയ്‌ത ആക്‌ടോണിന്റെ സാരഥിയാണ്. ഇന്ത്യക്കപ്പുറം പോലും ചർച്ചയായ ‘ഇനീഷ്യേറ്റിവ് ഫോർ ലൗ ആൻഡ് ആക്‌ഷൻ’ എന്ന പ്രസ്‌ഥാനത്തിന്റെ തലവൻ കൂടിയാണ് നജീബ് കുറ്റിപ്പുറം.

നേപ്പാളിൽ ഭൂകമ്പമുണ്ടായപ്പോൾ അവിടെ തനിച്ച്പോയി ചെയ്‌ത ജീവകാരുണ്യ പ്രവർത്തനങ്ങളും, പ്രളയകാലത്തും ദുരന്തങ്ങളിലും ജാതിമത ഭേദമന്യേ, ദേശഭാഷാ വ്യത്യാസങ്ങളില്ലാതെ ചെയ്‌തുകൊണ്ടിരിക്കുന്ന നൻമകളുൾപ്പടെ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് നജീബ് കുറ്റിപ്പുറത്തിനെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ വ്യക്‌തമാക്കി.

പ്രൊഫ ബേബി, പ്രൊഫ ഇമ്പിച്ചിക്കോയ, കെവി നദീർ എന്നീ മൂന്നംഗ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. എകെ മുസ്‌തഫയുടെ വിയോഗ ദിനമായ ഡിസംബര്‍ 31ന് വൈകീട്ട് 3 മണിക്ക് ചമ്രവട്ടം ജംഗ്ഷനിലെ പാലക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുസ്‌മരണ സംഗമത്തിൽ അവാർഡ് വിതരണം ചെയ്യും. കേരള നിയമസഭാ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ, പൊന്നാനി എംപി ഇടി മുഹമ്മദ് ബഷീർ, നഗരസഭ ചെയർമാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുമെന്നും അവാർഡുദാന ചടങ്ങിൽ ഓൺലൈൻ വഴി പങ്കെടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായും സംഘാടകർ പറഞ്ഞു.

പത്രസമ്മേളനത്തിൽ ജൂറി അംഗം കെവി നദീർ, അവാര്‍ഡ് സമിതി ചെയർമാർ ഇബ്രാഹിം മാളിയേക്കൽ, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യുഎഇ കമ്മിറ്റി ട്രഷറർ പിഎ അബ്‌ദുൽ അസീസ്, യൂത്ത് വിംഗ് പ്രസിഡണ്ട് ശഹീർ പിടി തുടങ്ങിയവർ സംബന്ധിച്ചു.

Most Read: യുപിയിലെ ജൈന ക്ഷേത്രവും വിഗ്രഹവും തകര്‍ക്കുമെന്ന് എബിവിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE