ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. തിരച്ചിലിനായി നാവികസേനയെത്തും. ലോറിയുടെ സ്‌ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും. നേരത്തെ മാർക്ക് ചെയ്‌ത രണ്ടു സ്‌ഥലങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന.
അർജുനൊപ്പം രണ്ടു കർണാടക സ്വദേശികളെയും കണ്ടെത്തേണ്ടതുണ്ട്. രാവിലെ ഒമ്പതരയോടെ കാർവാറിൽ നിന്നുള്ള നാവികസേനാ അംഗങ്ങൾ ഷിരൂരിൽ എത്തും. ഗംഗാവലി പുഴയുടെ ഒഴുക്കിന്റെ വേഗത അറിയാനുള്ള പരിശോധനയും നടക്കും. ഇതിന് ശേഷമായിരിക്കും നാവികസേനയുടെ മുങ്ങൽ വിദഗ്‌ധർ പുഴയിൽ മുങ്ങിയുള്ള പരിശോധന നടത്തണോ എന്നുള്ള കാര്യത്തിൽ അന്തിമതീരുമാനം സ്വീകരിക്കുക.
തിരച്ചിൽ തുടരുമെന്ന് കർണാടക ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മന്ത്രി എകെ ശശീന്ദൻ അറിയിച്ചു. അർജുന്റെ കുടുംബത്തിന്റെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അർജുന്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
രണ്ടു ദിവസത്തിനുള്ളിൽ തിരച്ചിൽ വീണ്ടും ആരംഭിച്ചില്ലെങ്കിൽ അർജുന്റെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന് അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞിരുന്നു. പല കാര്യങ്ങൾ പറഞ്ഞു തിരച്ചിൽ വൈകിപ്പിക്കുകയാണ്. ഈശ്വർ മൽപെയെ നിർബന്ധിച്ചിട്ടില്ല. അദ്ദേഹം സ്വമേധയാ തിരച്ചിൽ നടത്താൻ സന്നദ്ധനായി വന്നിട്ടും ജില്ലാ ഭരണകൂടമോ പോലീസോ അനുവദിക്കുന്നില്ല. കാലാവസ്‌ഥ അനുകൂലമാണിപ്പോൾ. അടിയൊഴുക്കും കുറഞ്ഞു. എന്നിട്ടും അദ്ദേഹത്തെ പുഴയിൽ ഇറങ്ങാൻ സമ്മതിക്കുന്നില്ലെന്നും ജിതിൻ ആരോപിച്ചിരുന്നു.
കൊച്ചി- പനവേൽ ദേശീയപാത 66ൽ മംഗളൂരു- ഗോവ റൂട്ടിൽ അങ്കോളയ്‌ക്ക് സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽപ്പെട്ടത്. 16ന് രാവിലെ 8.30നായിരുന്നു അപകടം. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് അർജുൻ.
Most Read| 50,100 രൂപ മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം; സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്