നേവിസ് ഇനിയും ജീവിക്കും, ഏഴ് പേരിലൂടെ

By Desk Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ സാജന്‍ മാത്യുവിന്റെ മകന്‍ നേവിസ് (25) ഇനി ഏഴ് പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്‌തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ എട്ട് അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്‌തു.

ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്‌തത്‌. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്‌ജീവനി (കെഎന്‍ഒഎസ്) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ഏറെ വിഷമ ഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. പിതാവ് സാജന്‍ മാത്യുവിനേയും മാതാവ് ഷെറിനേയും സഹോദരന്‍ എല്‍വിസിനേയും സര്‍ക്കാരിന്റെ ആദരവ് അറിയിച്ചു.

ഫ്രാന്‍സില്‍ അക്കൗണ്ടിംഗ് മാസ്‌റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോള്‍ ഓണ്‍ലൈനായാണ് ക്‌ളാസ്. കഴിഞ്ഞ 16നാണ് സംഭവമുണ്ടായത്. രാത്രിയുള്ള പഠനം കഴിഞ്ഞ് കിടന്ന നേവിസ് പിന്നീട് ഉണർന്നില്ല. തുടർന്ന് എട്ടാം ക്‌ളാസിൽ പഠിക്കുന്ന സഹോദരി വിസ്‌മയ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ അബോധാവസ്‌ഥയില്‍ കിടക്കുന്ന നേവിസിനെയാണ് കണ്ടത്. ഉടന്‍ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രക്‌തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമാണ് നേവിസിന്റെ ആരോഗ്യനില ഗുരുതരാവസ്‌ഥയിലായത്.

ആരോഗ്യ നിലയില്‍ വലിയ മാറ്റം വരാത്തതിനാല്‍ 20ആം തീയതി എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിച്ചതോടെ നേവിസിന്റെ പിതാവും മാതാവും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു.

അവയവദാന പ്രക്രിയ സുഗമമാക്കുന്നതിന് മന്ത്രി വീണാ ജോര്‍ജ് നേതൃത്വം നല്‍കി. ഹൃദയം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ചികിൽസയിലുള്ള രോഗിക്കാണ് നല്‍കുന്നത്. എറണാകുളത്ത് നിന്നും ഹൃദയവും വഹിച്ച് കൊണ്ടുള്ള വാഹനം കോഴിക്കോടേക്ക് പുറപ്പെട്ടു. എത്രയും വേഗം ഹൃദയം കോഴിക്കോട് എത്തിച്ച് ചികിൽസയിലുള്ള രോഗിയില്‍ വച്ച് പിടിപ്പിക്കണം.

അവയവദാന പ്രക്രിയക്കും സുഗമമായ യാത്രക്കും വേണ്ട ക്രമീകരണങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. മന്ത്രി ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം പോലീസ് ഉദ്യോഗസ്‌ഥര്‍ ഗതാഗത ക്രമീകരണമൊരുക്കിയിട്ടുണ്ട്. കെഎന്‍ഒഎസ് നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂര്‍ത്തീകരിക്കുന്നത്.

Most Read:  ഊരാളുങ്കലിനെയും കോഴിക്കോട് സഹകരണ ആശുപത്രിയേയും പ്രശംസിച്ച് അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE