ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഭരണസമിതിയിലേക്ക് ഇൻകാസ്, കെഎംസിസി ഉൾക്കൊള്ളുന്ന വിശാല ജനകീയ മുന്നണി മികച്ച വിജയം നേടി. മുന്നണി ചെയർമാൻ നിസാർ തളങ്കരയുടെ നേതൃത്വമാണ് ‘വിശാല ജനകീയ മുന്നണി’യെ ഇത്തവണയും അധികാരത്തിൽ എത്തിച്ചത്.
കാസർകോട് മണ്ഡലം കെഎംസിസിയിലൂടെ കടന്നു വന്ന്, യുഎഇയുടെ കേന്ദ്ര കെഎംസിസി നേതൃ നിരയിൽ എത്തി നിൽക്കുന്ന മുൻ യുഎഇ കെഎംസിസി ജനറൽ സെക്രട്ടറിയും നിലവിൽ ട്രഷററുമാണ് നിസാർ തളങ്കര. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് തുടർച്ചയായി മൂന്നാം പ്രാവശ്യവും ‘വിശാല ജനകീയ മുന്നണി’ വിജയം ആവർത്തിക്കുന്നത്.
മൂന്നാം വിജയവും ആവർത്തിക്കാൻ നേതൃത്വം നൽകിയ നിസാർ തളങ്കരയെ ഷാർജ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി ലീഡർഷിപ്പ് അവാർഡ് നൽകിയാണ് ആദരിച്ചത്. മുന്നണിയുടെ നിറസാന്നിദ്ധ്യമായ ജനറൽ കൺവീനർ, എൻആർഐ ഫ്രണ്ട്സ് ഫോറം ചാപ്റ്റർ ജോയിന്റ് ജനറൽ സെക്രട്ടറി ഷിബു ജോണിന് ‘സ്നേഹാദരം’ നൽകിയും സംഘാടകർ ആദരിച്ചു.
ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റ കെഎംസിസി പ്രതിനിധി ടിവി നസീറിനും സംഘടനയുടെ സ്നേഹദരവ് ലഭിച്ചു. ഇന്ത്യൻ അസോസിയേഷൻ സാരഥികളായി സ്ഥാനാരോഹണം നടത്തുന്ന എല്ലാ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിൽ മണ്ഡലം, ജില്ലാ ഭാരവാഹികളും പങ്കെടുത്തു.
Most Read: സ്ത്രീവിരുദ്ധ പരാമര്‍ശം; സിബിഎസ്ഇ മാപ്പ് പറയണമെന്ന് സോണിയ ഗാന്ധി