വയനാട്: വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും ജില്ലയിലെ ഫാന്റം റോക്കിൽ അടിസ്‌ഥാന സൗകര്യങ്ങൾ പേരിന് പോലും ലഭ്യമല്ല. അടിസ്‌ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾ നിരാശരായി മടങ്ങുകയാണ് പതിവ്. സുരക്ഷാ സംവിധാനങ്ങളോ, വഴികാട്ടികളോ ഇല്ലാത്തതിനാൽ സന്ദർശകർ ഇവിടേക്ക് വരാത്ത സ്‌ഥിതിയാണ് നിലവിൽ.
നിരവധി സഞ്ചാരികളാണ് ഫാന്റം റോക്കിനെ പറ്റി അറിഞ്ഞ് ഇവിടേക്ക് എത്തുന്നത്. എന്നാൽ വിനോദസഞ്ചാരികൾക്കായി യാതൊരുവിധ സൗകര്യങ്ങളും ഇല്ലാത്തതിനാൽ തന്നെ മിക്കവരും മടങ്ങി പോകാറാണ് പതിവ്. വാഹനങ്ങൾ നിർത്തിയിടാൻ ഇവിടെ സൗകര്യമില്ല. പ്രവേശന കവാടത്തിന് ഇരുവശവും കുത്തനെയുള്ള ഇറക്കം ആയതിനാൽ വഴിയരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും സഞ്ചാരികൾക്ക് മടിയാണ്.
സ്വകാര്യ വ്യക്‌തികളുടെ ഉടമസ്‌ഥതയിലുള്ള ഈ ഗെയ്റ്റ് കടന്നുവേണം ഫാന്റം റോക്കിനടുത്തേക്ക് പോകാൻ. ഫാന്റം റോക്കിനടുത്ത് പ്രവർത്തിച്ചിരുന്ന ക്രഷറിലേക്കുള്ള വഴിയാണിത്. ക്രഷർ പ്രവർത്തിക്കാത്തതിനാൽ ഗെയ്റ്റ് എപ്പോഴും അടഞ്ഞുകിടക്കും. അതിനാൽ തന്നെ മിക്കവരും പ്രവേശന കവാടത്തിൽ വച്ച് തന്നെ മടങ്ങി പോകും. മുന്നോട്ട് പോകുന്നവരെ കാത്ത് നിലവിൽ കാട് മൂടിയ പാതയാണുള്ളത്. കോവിഡ് കാലത്തെ അടച്ചിടലിന് ശേഷം ഇവിടെ ഇപ്പോൾ തലയ്‌ക്ക് മുകളിൽ വരെ കാട് വളർന്ന സ്‌ഥിതിയാണ്. കൂടാതെ സൂചനാ ബോർഡുകളുടെയും, വഴികാട്ടികളുടെയും അഭാവം ഫാന്റം റോക്കിനെ നിലവിൽ സഞ്ചാരികളിൽ നിന്നും അകറ്റുകയാണ്.
Read also: പണം നൽകി മതപരിവർത്തനം; ഗുജറാത്തിൽ ഒൻപത് പേർക്കെതിരെ കേസ്