മസ്കറ്റ്: ഒമാനിൽ റെസിഡന്റ് കാർഡ് കാലാവധി കഴിഞ്ഞിട്ടും കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഒമാൻ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി നീട്ടി. ജൂൺ 30 വരെയാണ് കാലാവധി നീട്ടിനൽകിയത്. കോവിഡ് മഹാമാരി കണക്കിലെടുത്താണ് തീരുമാനമെന്ന് തൊഴിൽ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.
ഇക്കാലയളവിനുള്ളിൽ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അനധികൃത താമസത്തിനുള്ള പിഴയൊടുക്കാതെ ജൻമ നാടുകളിലേക്ക് മടങ്ങാം. പിഴയോ നിയമപരമായ പ്രശ്നങ്ങളോ ഇല്ലാതെ രാജ്യം വിടാൻ ഒമാനിൽ താമസിക്കുന്ന രേഖകളില്ലാത്ത വിദേശ തൊഴിലാളികൾ നീട്ടിനൽകിയ കാലാവധി പ്രയോജനപ്പെടുത്തണം എന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു.
ജൂൺ 30ന് ശേഷം അപേക്ഷകൾ സ്വീകരിക്കില്ല. തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖേനയോ, സനദ് സെന്ററുകള്‍ വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണ്. പദ്ധതിക്ക് കീഴിൽ അനുമതി ലഭിച്ചവർ ജൂൺ 30നകം രാജ്യം വിടണമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ 70000ത്തിൽ അധികം പേരാണ് രാജ്യം വിടാനുള്ള അനുമതിക്കായി രജിസ്റ്റർ ചെയ്തതെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. പദ്ധതിയുടെ ആനുകൂല്യം കൂടുതലും ഉപയോഗപ്പെടുത്തിയത് ബംഗ്ളാദേശ് സ്വദേശികളാണ്. 50000ത്തോളം പേർ ഇതിനകം രാജ്യം വിടുകയും ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു.
Read Also: റഫാല്‍ വിമാനങ്ങളുടെ നാലാം ബാച്ച് ഇന്ത്യയിലെത്തി